അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നല്‍കാനൊരുങ്ങി സംഗീതലോകം

അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നല്‍കാനൊരുങ്ങി സംഗീതലോകം. മൈസൂരു അപ്പോളോ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം
alternatetext

തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നല്‍കാനൊരുങ്ങി സംഗീതലോകം. മൈസൂരു അപ്പോളോ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളിലായി ഇരുപതിനായിരത്തിലേറെ പാട്ടുകളാണ് ജാനകിയമ്മയുടെ സ്വരമാധുരിയിലൂടെ പിറന്നത്. തലമുറകളെ സംഗീതത്തിന്റെ മായികലോകത്തേക്ക് കൈപിടിച്ചുയർത്തിയ ആ സ്വരം ഇനി ഓർമ്മകളില്‍ മാത്രം.

alternatetext

അനുഗൃഹീതമായ സ്വരമാധുര്യവും ആലാപന സിദ്ധിയുമായി ആസ്വാദ്യ ലോകത്തിന് ഓർത്ത് പാടാൻ നിരവധി ഗാനങ്ങള്‍ സമ്മാനിച്ച തെന്നിന്ത്യൻ വാനമ്പാടിയാണ് വിടവാങ്ങിയത്. മൈസൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിടപറഞ്ഞത്. ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തിന് ഒരിക്കലും നികത്താനാവാത്ത ശൂന്യത.ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതം. ഇരുപതോളം ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഹിറ്റ് പാട്ടുകള്‍. സ്നേഹം, വാത്സല്യം, തുടങ്ങി മനുഷ്യരെ കൂട്ടി ഇണക്കുന്ന പാട്ടുകളാണ് ജാനകിയമ്മയില്‍ നിന്ന് അനായാസം ഒഴുകിയെത്തിയത്.

1956 ല്‍ ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനത്തിന് അർഹയായതോടെ സംഗീതലോകത്തേക്കു വഴിതുറന്നു. 1957ല്‍ തന്‍റെ 19ആം വയസില്‍ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് സിനിമയില്‍ ടി. ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്ര പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. ആയിരത്തിലേറെ മലയാള സിനിമാ ഗാനങ്ങള്‍ക്കും ജാനകിയമ്മ ശബ്ദം പകർന്നിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നാല് തവണയാണ് ജാനകി അമ്മയെ തേടിയെത്തിയത്. മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള, തമിഴ്നാട് , സർക്കാരിന്റെ സംസ്ഥാന അവാർഡുകളും ലഭിച്ചു.

2017 ല്‍ മൈസൂരിലെ മാനസഗംഗോത്രി ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിലായിരുന്നു ജാനകിയുടെ അവസാന സംഗീത നിശ. രാഷ്ട്രപതി , പ്രധാനമന്ത്രി, മുഖ്യമന്ത്രി വി.ഡി.സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, നടന്‍ കമല്‍ഹാസന്‍, മമ്മൂട്ടി തുടങ്ങിയ നിരവധി പ്രമുഖർ വിഖ്യാത ഗായികയ്ക്ക് വാക്കുകളിലൂടെ ആദരാഞ്ജലിയര്‍പ്പിച്ചു. രാവിലെ എട്ട് മുതല്‍ മൈസൂരു മഹാരാജ കോളേജ് ഗ്രൗണ്ടില്‍ പൊതുദർശനം.ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിലെ വീട്ടില്‍ അന്ത്യവിശ്രമം. കാലം കടന്നുപോയാലും ജാനകിയമ്മയുടെ സ്വരം സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ എന്നും മുഴങ്ങിക്കൊണ്ടിരിക്കും. ആ മധുരശബ്ദം ഇനി ഓർമ്മകളിലൂടെ തലമുറകളെ തഴുകും.വിഖ്യാത ഗായികയ്ക്ക് വിട.