
‘വാഴ 2’-ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ഞൊടി’യുടെ ടൈറ്റില്‍ റിവീല്‍ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്‍ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ നിർമിച്ച സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണും മിഡ്നൈറ്റ് സണ്‍ ഫിലിംസിന്റെ ബാനറില്‍ ടോണി ജോസും ചേർന്നാണ് ‘ഞൊടി’ നിർമിക്കുന്നത്.

‘വാഴ’, ‘എക്കോ’, ‘വാഴ 2’ എന്നീ മെഗാഹിറ്റ് ചിത്രങ്ങള്‍ വിതരണം ചെയ്ത ഐക്കണ്‍ സിനിമാസ് ആണ് ‘ഞൊടി’ തിയേറ്ററുകളിലെത്തിക്കുന്നത്. വ്യത്യസ്തമായ ഡിസൈനും കൗതുകം ജനിപ്പിക്കുന്ന ടാഗ്ലൈനും ശ്രദ്ധ നേടുകയാണ് ‘ഞൊടി’യുടെ ടൈറ്റില്‍ റിവീല്‍ പോസ്റ്റർ. ഒരു ടൈം- ലൂപ്പ് കഥയാണോ ചിത്രത്തിന്റേത് എന്നാണ് പോസ്റ്ററിലെ സൂചനകളെക്കുറിച്ചുള്ള ചർച്ച. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.



