
സംവിധായകന് സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന് ‘കൊല-ബ്ലഡ്-വൈ’ എന്ന് പേരിട്ടു. കാസര്‍കോടിന്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ക്രൈം-ഡാര്‍ക്ക് കോമഡി ചിത്രമാണിത്. മുന്‍പ് മേയില്‍ ചിത്രീകരണം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയുടെ ഷൂട്ടിംഗ് നിര്‍മാതാക്കള്‍ ഒക്ടോബറിലേക്ക് മാറ്റിവച്ചു. ചിത്രത്തിന്റെ കഥാപാത്രങ്ങള്‍ക്കും പശ്ചാത്തലത്തിനും അനുയോജ്യമായ അന്തരീക്ഷം ലഭിക്കുന്നതിനായി മഴക്കാലം കഴിയുന്നതുവരെ കാത്തിരിക്കാന്‍ തീരുമാനിച്ചതാണ് ഷൂട്ടിംഗ് നീളാന്‍ കാരണം. കാസര്‍കോട് മേഖലയിലെ കന്നഡത്തനിമയുള്ള പ്രാദേശിക സംഭാഷണ ശൈലിയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. ഇതിനായി അഭിനേതാക്കള്‍ക്ക് കൃത്യമായ ഭാഷാ പരിശീലനം നല്‍കുന്നുണ്ട്.

തിങ്കളാഴ്ച നിശ്ചയം’, ‘1744 വൈറ്റ് ആള്‍ട്ടോ’, ‘പദ്മിനി’ എന്നീ ചിത്രങ്ങള്‍ക്കുശേഷം സെന്ന ഹെഗ്ഡെ ഒരുക്കുന്ന ഈ സിനിമയില്‍ തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ അനഘ കോഴിക്കോട് പ്രധാന വേഷത്തിലെത്തുന്നു. ഇതോടൊപ്പം തമിഴ്, മലയാളം സിനിമകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും മലയാളത്തിലെ മുന്‍നിര നടന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സെന്ന ഹെഗ്ഡെയും ബിജു ജയദേവനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം ഫോര്‍ ലൈന്‍ ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് ജോസഫാണ് നിര്‍മിക്കുന്നത്. വിനീത് പുല്ലൂറ്റന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ശ്രീനാഥ് വാസുദേവനും ജിംഷി ഖാലിദും ചേര്‍ന്നാണു സംഗീതം നല്‍കുന്നത്



