കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘ഹെയില്‍ മേരി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

alternatetext

കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഹെയില്‍ മേരി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. 84 ദിവസത്തെ തുടര്‍ച്ചയായ ചിത്രീകരണത്തിനൊടുവിലാണ് സിനിമയുടെ പാക്കപ്പ് പൂര്‍ത്തിയായ വിവരം അണിയറപ്രവര്‍ത്തകര്‍ തിങ്കളാഴ്ച പുറത്തുവിട്ടത്.  ജി.ആര്‍. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കി ഡോക്ടര്‍ നീരജ് രാജനും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

alternatetext

എബിസിഡി, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം നീരജ് രാജന്‍ പങ്കാളിയാകുന്ന തിരക്കഥ കൂടിയാണിത്. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പുറമെ സുരാജ് വെഞ്ഞാറമൂട്, അനു സിത്താര, ജഗദീഷ്, വിനയ് ഫോര്‍ട്ട്, സുഹാസിനി മണിരത്‌നം, ഹക്കീം ഷാ, കാവ്യ രാമചന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ വിജയചിത്രങ്ങള്‍ക്കുശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും നിര്‍മാതാവെന്ന നിലയില്‍ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഹെയില്‍ മേരി. സാങ്കേതിക മികവോടെ ഒരുങ്ങുന്ന ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് റോബി വര്‍ഗീസ് രാജ് ആണ്.

ചമന്‍ ചാക്കോ ചിത്രസംയോജനവും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. കിരണ്‍ ദാസ് സംവിധാനം ചെയ്ത ഉന്മാദം എന്ന ചിത്രത്തിനു ശേഷം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമാണിത്.  മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്ന നേരെ ചൊവ്വെ, 40 ഡേയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന മറ്റ് പ്രോജക്റ്റുകള്‍