
കൂടത്തായി സയനൈഡ് കൊലപാതക പരമ്പരയെ ആസ്പദമാക്കി ഒരുക്കിയെന്ന് പറയപ്പെടുന്ന ‘അണലി’ മലയാളം വെബ്സീരീസിന്റെ റിലീസിന് എറണാകുളം അഡീഷണൽ മുൻസീഫ് കോടതിയുടെ വിലക്ക്. കേസിൽ കോടഞ്ചേരി, താമരശേരി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ വിചാരണ പൂർത്തിയാകുന്നതുവരെ സീരീസിന്റെ പ്രീമിയർ തടഞ്ഞുകൊണ്ടാണ് കോടതിയുടെ നിർണായക ഉത്തരവ് ഉണ്ടായിരിക്കുന്നത്.

കേസിലെ പ്രധാന പ്രതിയായ ജോളി ജോസഫ് സമർപ്പിച്ച ഹർജി അനുവദിച്ചാണ് കോടതി ഈ നടപടി സ്വീകരിച്ചത്. വിചാരണ പൂർത്തിയാകുന്നതിന് മുൻപായി തന്നെ പ്രമേയത്തിലെ പ്രധാന കഥാപാത്രത്തെ തന്നോട് സാദൃശ്യപ്പെടുത്തുകയും യഥാർഥ കുറ്റവാളിയായി ചിത്രീകരിക്കുകയും ചെയ്യുന്നത് നീതിയുക്തമായ വിചാരണയെയും തന്റെ വ്യക്തിഗത അന്തസിനെയും സ്വകാര്യതയെയും ബാധിക്കുമെന്നായിരുന്നു ജോളിയുടെ പ്രധാന വാദം. ഹർജി പരിഗണിച്ച കോടതി, ഹർജിക്കാരിയും വെബ്സീരീസും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ പ്രാഥമികമായി ഹാജരാക്കാൻ ജോളിക്കായി എന്നു നിരീക്ഷിച്ചു.
നിയമപ്രകാരം കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഏതൊരാളെയും നിരപരാധിയായി കരുതാനുള്ള അവകാശമുണ്ട്. വിചാരണ തീരും മുൻപ് കുറ്റവാളിയായി ചിത്രീകരിച്ചാൽ ഉണ്ടാകുന്ന അപമാനത്തിന് പിന്നീട് സാമ്പത്തിക നഷ്ടപരിഹാരം നൽകിയാൽ പോലും പരിഹാരമാകില്ലെന്നും കോടതി വ്യക്തമാക്കി.
ആട്, അഞ്ചാം പാതിര തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കുശേഷം മിഥുൻ മാനുവൽ തോമസ് ഡിജിറ്റൽ ഒടിടി പ്ലാറ്റ്ഫോമിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പുതിയ സംരംഭമാണ് ‘അണലി’. മിഥുൻ മാനുവൽ തോമസും ജോണും ചേർന്ന് തിരക്കഥയൊരുക്കിയ ഈ സീരീസ് ഏഷ്യാവില്ലി സ്റ്റുഡിയോസാണ് നിർമിച്ചിരിക്കുന്നത്. ലിയോണ ലിഷോയ്, നിഖില വിമൽ, ‘ഡീസ് ഇറേ’ താരം ജിബിൻ ഗോപിനാഥ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൂടത്തായി കേസിലെ പ്രധാന പ്രതിയായ ജോളിയെ മാതൃകയാക്കിയുള്ള കഥാപാത്രത്തെയാണ് ലിയോണ ലിഷോയ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ മുൻസീഫ് കോടതി വിധിച്ച ഇടക്കാല സ്റ്റേയെ തുടർന്ന് നിർമാതാക്കളും സ്ട്രീമിങ് പ്ലാറ്റ്ഫോവുമായ ജിയോ ഹോട്ട്സ്റ്റാർ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിലീസ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വാദമാണ് ജിയോ ഹോട്ട്സ്റ്റാർ മുന്നോട്ടുവെച്ചത്. തുടർന്ന് മുൻസീഫ് കോടതിയോട് ഹർജിയിൽ വേഗത്തിൽ വാദം കേട്ട് തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഈ നിർദേശത്തിന് പിന്നാലെയാണ് ഇപ്പോൾ വിചാരണ പൂർത്തിയാകും വരെ പ്രീമിയർ തടഞ്ഞുകൊണ്ട് ഉത്തരവുണ്ടായിരിക്കുന്നത്. നിയമപോരാട്ടങ്ങൾക്കും കോടതി വിധിക്കും പിന്നാലെ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ‘അണലി’യുടെ റിലീസ് ഇനി കേസുകളുടെ വിചാരണ അവസാനിക്കും വരെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.



