കൊമ്ബുവെട്ടി മഴുവുമേന്തി ആനയോട് മല്ലിട്ട് ആന്റണി വര്‍ഗീസ്, ‘കാട്ടാളൻ’ പോസ്റ്റര്‍

alternatetext

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്‌ നിർമിക്കുന്ന ചിത്രം കാട്ടാളന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടു.

alternatetext

ഒരു മഴുവുമേന്തി ആനനയുമായി മല്ലിടുന്ന പുറം തിരിഞ്ഞു നില്‍ക്കുന്ന ആന്റണി വർഗീസിനെയാണ് പോസ്റ്ററില്‍ കാണാൻ സാധിക്കുന്നത്. ഇടം കയ്യില്‍ ആനയുടെ വെട്ടി മുറിച്ച ആനക്കൊമ്ബും കാണാൻ സാധിക്കും ഒപ്പം ആന തുമ്ബിക്കൈ കൊണ്ട് ആന്റണിയെ ചുറ്റിപ്പിടിച്ചിട്ടുമുണ്ട്. ചിത്രത്തില്‍ പെപ്പെയുടെ കഥാപാത്രത്തിന്റെ പേരും ആന്റണി വർഗീസ് എന്ന് തന്നെയാണ്. നവാഗതനായ പോള്‍ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായാണ് റിലീസിനെത്തുക.

ചിത്രത്തിന്റെ മുമ്ബ് പുറത്തു വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോള്‍ പുറത്തു വിട്ട പോസ്റ്ററും കാട്ടാളൻ തികഞ്ഞ വയലൻസുള്ള ഒരു ചിത്രമായിരിക്കും എന്ന സൂചനയാണ് തരുന്നത്. കഴിഞ്ഞ ആഴ്ച നിർമ്മാതാവ് ഷെരീഫ് മുഹമ്മദിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ ഒരു ആനക്കൊമ്ബിന്റെ ചിത്രത്തിനൊപ്പം ‘കാട്ടാളൻ’ പ്രീപൊഡക്ഷൻ വർക്കുകള്‍ തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകള്‍.

മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രം എന്ന ഖ്യാതിയോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്‌ നിർമിച്ച്‌ ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ. ഒരു കുടുംബത്തിലെ ദത്തുപുത്രനായ ‘മാർക്കോ’ തന്റെ സഹോദരന്റെ ക്രൂരമായ കൊലപാതക വാർത്തയറിഞ്ഞതിന് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച്‌ മടങ്ങി എത്തുകയും, തന്റെ പിതാവായ ടോണിയും റസ്സല്‍ ഐസക്കും നയിച്ച ഗൂഢാലോചന മനസ്സിലാക്കുകയും ചെയ്യുന്നു. തുടർന്ന് വിശ്വാസഘാതത്തിനും പ്രതികാരത്തിനുമിടയില്‍ മാർക്കോയുടെ അതിജീവനത്തിന്റെ യാത്രയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങള്‍ക്കൊപ്പം ഭീകരമായ വയലൻസും ഉള്ളതിനാല്‍ ഒരുപാട് ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ‘മാർക്കോ’. ഉണ്ണി മുകുന്ദനെ കൂടാതെ, സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തിലകൻ, കബീർ ദുഹാൻ സിങ്, ആൻസൻ പോള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് നടൻ ജഗദീഷ് ചിത്രത്തിലെത്തിയത്.