
മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ പ്രശസ്തമായ ‘കരുണ’ എന്ന കാവ്യത്തിനു പുതിയ ദൃശ്യാവിഷ്‌കാരം. പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച മലയാളത്തിലെ ആദ്യ ചിത്രമായ ‘വാസവദത്ത’ ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തുന്നു. ‘കരുണ’യിലെ വാസവദത്തയ്ക്ക് തികച്ചും പുതുജീവനും നൂതനമായ ആവിഷ്‌കാരവുമാണ് ചിത്രത്തിലൂടെ നല്‍കിയിരിക്കുന്നത്.

നൃത്തരംഗങ്ങളും സംഘട്ടനങ്ങളും മനോഹരമായ ഗാനങ്ങളും പ്രണയവും ഒക്കെ കോര്‍ത്തിണക്കിയ ദൃശ്യവിരുന്നായിരിക്കും ‘വാസവദത്ത’യെന്ന് സംവിധായകന്‍ ഡോക്ടര്‍ മുരളി മോഹന്‍ വ്യക്തമാക്കി. ആധുനിക കാലഘട്ടത്തിലെ എഐ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് സിനിമയുടെ ഓരോ ഫ്രെയ്മും ഒരുക്കിയിട്ടുള്ളത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും അതേപടി സിനിമയില്‍ പുനര്‍സൃഷ്ടിക്കാനും, കഥാപാത്രങ്ങളെയും പശ്ചാത്തലങ്ങളെയും അതിമനോഹരമായി അവതരിപ്പിക്കാനും എഐ സാങ്കേതികവിദ്യയിലൂടെ സാധിച്ചിട്ടുണ്ട്.
മികച്ച കഥയും വിഷ്വല്‍ ആവിഷ്‌കാരവും കൊണ്ട് സമ്പന്നമാകുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ആറു ഭാഷകളില്‍ ശ്രദ്ധേയമായ ശബരിമല ഡോക്യുമെന്ററി സംവിധാനം ചെയ്ത ഡോക്ടര്‍ മുരളി മോഹന്റെ ഏറ്റവും മികച്ച ദൃശ്യാനുഭവമായിരിക്കും ‘വാസവദത്ത’.
അനുഗ്രഹ വിഷന്റെ ബാനറില്‍ ഡോക്ടര്‍ മുരളി മോഹനന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചരിത്രവും ആധുനിക സാങ്കേതികവിദ്യയും കൈകോര്‍ക്കുന്ന ‘വാസവദത്ത’ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഒരു പുതിയ വഴിത്തിരിവാകും എന്ന പ്രതീക്ഷയിലാണ് ചലച്ചിത്രലോകവും പ്രേക്ഷകരും. പിആര്‍ഒ എ. എസ്. ദിനേശ്



