
പുതിയ ചിത്രങ്ങള്‍ പോലെ തന്നെ പഴയചിത്രങ്ങളുടെ റീറിലീസുകളും ആരാധകർ ആഘോഷമാക്കി മാറ്റുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി റീ റിലീസുകളുടെ ചാകര തന്നെയാണ്.

ഇപ്പോഴിതാ അത്തരത്തില്‍ ഒന്നാണ് വീണ്ടും തീയേറ്ററിലേക്ക് എത്താൻ പോകുന്നത്. വിജയ്- സൂര്യ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ഫ്രണ്ട്സ് ആണ് വീണ്ടും എത്താൻ പോകുന്നത്.
ഫ്രണ്ട്സ് റിലീസായത്തിൻ്റെ 24-ാം വര്‍ഷമാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറില്‍ ബി.വിനോദ് ജെയിൻ ആണ് സിനിമ റീ റിലീസ് ചെയ്യുന്നത്. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം നവംബർ 21ന് പ്രേക്ഷകർക്ക് മുൻപില്‍ എത്തും.
മലയാള സിനിമയിലെ വൻ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. മുകേഷ്, ജയറാം, ശ്രീനിവാസൻ, മീന, ദിവ്യ ഉണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 1999ലായിരുന്നു റിലീസായത്. സിദ്ദിഖ് തന്നെ ഈ സിനിമ 2001ല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവരാണ് തമിഴില്‍ അഭിനയിച്ചത്. തമിഴിലും ചിത്രം സൂപ്പര്‍ഹിറ്റായി. സൂര്യയുടെയും വിജയിടെയും കരിയറില്‍ ചിത്രം വഴിത്തിരിവായി മാറി.
ദേവയാനി, വിജയലക്ഷ്മി, അഭിനയശ്രീ, വടിവേലു, ശ്രീമാൻ, ചാർളി, രാജീവ്, രാധ രവി, സന്താന ഭാരതി, മദൻ ബോബ്, സരിത, സത്യ പ്രിയ, എസ്. എൻ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
റീ റിലീസിങ് പടങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ, എന്നീ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് ജോലികള്‍ക്ക് നേതൃത്വം നല്‍കിയ ഹൈ സ്റ്റുഡിയോസ് ആണ് ഫ്രണ്ട്സിൻ്റെ 4K മാസ്റ്ററിംഗ് ചെയ്യുന്നത്.




