കളങ്കാവല്‍ റിലീസ് നവംബര്‍ 27ന്

alternatetext

സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കളങ്കാവല്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 27നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

alternatetext

മമ്മൂട്ടി സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പിലൂടെ ഇതിനോടകം ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവല്‍. ചിത്രത്തില്‍ വിനായകനും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിന്‍റെ സെൻസറിങ് പൂർത്തിയായത് കഴിഞ്ഞ ദിവസമായിരുന്നു. യു എ 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ‘ട്രൂത്ത് ബ്ലീഡ്സ്, സൈലൻസ് ബ്രേക്ക്സ്’ എന്ന ക്യാപ്ഷനോട് കൂടി മമ്മൂട്ടി കമ്ബനി ഈ പോസ്റ്റർ പങ്കുവെച്ചിരുന്നു. ഏറെ ആവേശത്തോടെയാണ് സെൻസറിങ് പൂർത്തിയായ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ആരാധകർ ഏറ്റെടുത്തത്. ഇതിന് താഴെ ആവേശകരായ കമന്‍റുകളാണ് ആരാധകർ എഴുതിയത്. ‘ഇറക്കി വിട് മമ്മൂക്ക, കട്ട വെയ്റ്റിങ് ഫോർ ഫയർ’ അങ്ങനെ നീളുന്നു കമന്റുകള്‍.

നേരത്തെ മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം പുറത്തുവന്ന കളങ്കാവല്‍ ടീസറിനെ ആരാധകർ നെഞ്ചിലേറ്റിയിരുന്നു. ആ ടീസറിലെ മമ്മൂട്ടിയുടെ ചിരിയായിരുന്നു ഹൈലൈറ്റ്. നിരവധി യഥാർത്ഥ സംഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ കഥയാണ് കളങ്കാവിലിന്റേതെന്ന് സംവിധായകൻ ജിതിൻ കെ ജോസ് നേരത്തെ കൈരളി ന്യൂസ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഒരു ക്രൈം ഡ്രാമ ജോണറില്‍പ്പെടുന്ന ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി കമ്ബനി നിർമ്മിക്കുന്ന ഈ സിനിമ ദുല്‍ഖർ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ദുല്‍ഖർ സല്‍മാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങള്‍ രചിച്ചത് ജിതിൻ കെ ജോസാണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍.