

‘മാളികപ്പുറം’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ഒരുക്കിയ അഭിലാഷ് പിള്ളയും ‘അരവിന്ദൻെറ അതിഥികള്‍’ എന്ന സിനിമയുടെ സംവിധായകൻ എം.
മോഹനനും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. ചോറ്റാനിക്കര അമ്മയുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേര് ‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’ എന്നാണ്. ഉടൻ ചിത്രീകരണം ആരംഭിക്കും. പ്രധാന താരങ്ങളെയും അണിയറപ്രവർത്തകരെയും ഉടനെ പ്രഖ്യാപിക്കുമെന്നും നിർമാതാക്കള്‍ അറിയിച്ചു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാക്കള്‍ ബൈജു ഗോപാലനും വി.സി. പ്രവീണുമാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
‘ചില സിനിമകള്‍ ഒരു നിയോഗമാണ്. ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹത്തോടെ, ശ്രീ ഗോകുലം മൂവീസ് മലയാളികള്‍ക്കായി ഭക്തിസാന്ദ്രമായ ഒരു ചലച്ചിത്ര നിർമാണത്തിന് തുടക്കം കുറിക്കുകയാണ്. ‘മാളികപ്പുറം’ സമ്മാനിച്ച എഴുത്തുകാരൻ അഭിലാഷ് പിള്ളയും, ‘അരവിന്ദന്റെ അതിഥികള്‍’ സമ്മാനിച്ച സംവിധായകൻ എം. മോഹനും ഒന്നിച്ച്, വിശ്വാസത്തിന്റെയും ദൈവികതയുടെയും വേരുകള്‍ പുതിയ തലമുറയിലേക്ക് നയിക്കുന്ന ചിത്രമാണ് ‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’. ചിത്രത്തിനെക്കുറിച്ച് ഗോകുലം ഗോപാലൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.




