ജയിലർ 2 ട്രെയിലറിൽ രജനീകാന്തിന്റെ പിന്നിൽ കെട്ടിടം പൊട്ടിത്തകരുന്ന രംഗം ഗ്രാഫിക്സിന്റെ സഹായത്തോടെ ഒരുക്കിയതല്ലെന്ന് സംഘട്ടന സംവിധായകൻ ചേതൻ ഡിസൂസ

alternatetext

ജയിലർ 2 ട്രെയിലറിൽ രജനീകാന്തിന്റെ പിന്നിൽ കെട്ടിടം പൊട്ടിത്തകരുന്ന രംഗം ഗ്രാഫിക്സിന്റെ സഹായത്തോടെ ഒരുക്കിയതല്ലെന്ന് സംഘട്ടന സംവിധായകൻ ചേതൻ ഡിസൂസ വെളിപ്പെടുത്തി. ആ സ്ഫോടനം യഥാർത്ഥത്തിൽ തന്നെ ചിത്രീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയോടായിരുന്നു പ്രതികരണം.

alternatetext

സിനിമയിലെ നിർണായക സന്ദർഭത്തിലാണ് ഈ സ്ഫോടനദൃശ്യം വരുന്നത്. യഥാർത്ഥത്തിൽ ചിത്രീകരിച്ച രംഗം പിന്നീട് ചെറിയ തോതിൽ മാത്രമേ മെച്ചപ്പെടുത്തിയിട്ടുള്ളൂ എന്നും ചേതൻ പറഞ്ഞു. ഇതിന്റെ ബിഹൈൻഡ് ദ സീൻസ് ദൃശ്യങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

ആക്ഷൻ രംഗങ്ങൾ ഒരുക്കുമ്പോൾ ഏറ്റവും പ്രധാനം കഥാപാത്രത്തെ മനസ്സിലാക്കുകയാണെന്നാണ് ചേതന്റെ അഭിപ്രായം. സംവിധായകൻ നെൽസൺ ദിലീപ്കുമാറിന് മാസ് മൊമെന്റുകളെക്കുറിച്ചും സംഗീതവും എലവേഷൻ രംഗങ്ങളും കൃത്യമായി ചേർത്തുവയ്ക്കുന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. ആ ആശയങ്ങൾക്കനുസരിച്ച് സ്റ്റണ്ട് ടീം വ്യത്യസ്തമായ ആക്ഷൻ രംഗങ്ങൾ രൂപകൽപ്പന ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

രജനികാന്തിന്റെ ആക്ഷൻ രംഗങ്ങൾ പ്ലാൻ ചെയ്തത് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ്. കുറച്ച് ചലനങ്ങളിലൂടെ വലിയ ആക്ഷൻ അനുഭവം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. വലിയ സൂപ്പർസ്റ്റാറായിട്ടും രംഗങ്ങൾ വിവരിച്ചുകൊടുക്കുമ്പോൾ “ഞാൻ ചെയ്യുന്നത് ശരിയാണോ, എന്തെങ്കിലും മാറ്റങ്ങൾ വേണോ?” എന്ന് രജനികാന്ത് വിനയത്തോടെ ചോദിക്കാറുണ്ടെന്ന് ചേതൻ ഓർത്തെടുത്തു. എല്ലാവരെയും തുല്യരായി കാണുന്ന ഈ സമീപനം കൂടെ പ്രവർത്തിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.