
മലയാളികളുടെ പ്രിയനടൻ സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ഹരിവരാസനം’ റിലീസിനൊരുങ്ങുന്നു. അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തിയേറ്ററുകളിൽ ഒരു പുതിയ സിനിമാനുഭവമായിരിക്കും സമ്മാനിക്കുക. മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസും വിവിധ ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ ഒരുക്കിയ പനോരമ സ്റ്റുഡിയോസും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളും അതിരുകൾ കടക്കുന്ന മനുഷ്യബന്ധങ്ങളും പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ് ഈ ചിത്രം. വൈകാരിക മുഹൂർത്തങ്ങൾക്കൊപ്പം ആകാംക്ഷയും നിഗൂഢതയും നിറഞ്ഞ വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഡോ. കെ. അമ്പാടിയാണ്.



