
കൊച്ചി: വിവാദങ്ങള്‍ക്കിടയില്‍ എമ്ബുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലെത്തി. വ്യാപകമായ പ്രതിശേധത്തെത്തുടർന്ന് നിർമ്മാതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് 24 ഭാഗങ്ങളാണ് എമ്ബുരാൻ സിനിമയില്‍ വെട്ടിയത്.

2.08 മിനിട്ട് കട്ട് ചെയ്ത റീ എഡിറ്റഡ് പതിപ്പ് ഇന്ന് മോണിംഗ് ഷോ മുതല്‍ തീയേറ്ററുകളിലെത്തി. സ്വരൂപ കർത്ത, കെ.റോഷ്നി ദാസ്, ജി.എം.മഹേഷ്, എം.എം.മഞ്ജുഷൻ, ടി.നദീം തുഫൈല്‍ എന്നിവരടങ്ങുന്ന സെൻസർ ബോർഡ് കമ്മിറ്റിയാണ് ചിത്രം കണ്ട് വീണ്ടും സർട്ടിഫൈ ചെയ്തത്.
മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന സെൻസർ രേഖ പുറത്തുവന്നിരുന്നു. സിനിമയില്‍ ബജ്രംഗി എന്ന വില്ലന്റെ പേര് ബല്‍ദേവ് എന്നാക്കി. എൻ.ഐ.എ എന്ന വാക്ക് നിശബ്ദമാക്കി. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം കാണിക്കുന്ന സീനുകള്‍, ദേശീയപതാകയുടെ നിറം സംബന്ധിച്ചുള്ള സംഭാഷണം എന്നിവയടക്കം മാറ്റി.
സിനിമയുടെ നന്ദി കാർഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണിത്. ജ്യോതിഷ് മോഹൻ ഐ.ആർ.എസിനു നന്ദി പറയുന്ന കാർഡും മാറ്റി. റീ എഡിറ്റഡ് പതിപ്പിന് മുമ്ബ് ചിത്രം കാണാനുള്ള തിരക്ക് ഇന്നലെയും തുടർന്നു. ഇന്നലെ രാവിലെ തന്നെ ചിത്രം 200 കോടി കളക്ഷൻ നേടിയെന്ന റിപ്പോർട്ടുകള്‍ വന്നിരുന്നു. ചിത്രത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സിനിമയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്.




