തകർന്ന കണ്ണാടി ചില്ലുകൾക്കുള്ളിൾ മൂന്ന് മുഖഭാവങ്ങളുമായി ജയസൂര്യ.

alternatetext

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ ചാപ്റ്റർ 1’ന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തുവിടുമെന്ന പ്രഖ്യാപനവും പോസ്റ്ററിനൊപ്പമുണ്ട്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 3ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്.

alternatetext

ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പുതിയ പോസ്റ്ററിലും പോലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ കഥാപാത്രത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇരുണ്ട പശ്ചാത്തലവും തകർന്ന കണ്ണാടി ചില്ലുകൾക്കുള്ളിലെ കഥാപാത്രത്തിന്റെ മൂന്ന് മുഖ ഭാവങ്ങളും ചിത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷത്തിലേക്ക് സൂചന നൽകുന്നു.  ടീസർ ഉടൻ എത്തുമെന്ന പ്രഖ്യാപനം കൂടി വന്നതോടെ സിനിമയുടെ പ്രമേയത്തെക്കുറിച്ചും ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുമുള്ള ആകാംക്ഷ വർധിച്ചിരിക്കുകയാണ്.

നേരത്തെ പുറത്തുവന്ന ടൈറ്റിൽ വീഡിയോയും ചിത്രത്തിന്റെ വ്യത്യസ്തമായ കഥാലോകത്തെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ‘മായൻ ചാപ്റ്റർ 1’നുണ്ട്. ‘ഓർഡിനറി’, ‘അനാർക്കലി’ തുടങ്ങിയ വിജയചിത്രങ്ങൾ നിർമ്മിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രാജ്യാതിർത്തികൾ കടന്നുപോകുന്ന നിഗൂഢതകളുടെ ലോകമാണ് ചിത്രം അവതരിപ്പിക്കുന്നതെന്നാണ് ഇതുവരെ പുറത്തുവന്ന സൂചനകൾ.

നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധം കഥയുടെ പശ്ചാത്തലമാകുമെന്ന റിപ്പോർട്ടുകൾ ശ്രദ്ധ നേടിയിട്ടുണ്ട്.  കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദ രീതിയും ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടിരിക്കാമെന്ന ചർച്ചകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നിഗൂഢതയും ആഗോള പശ്ചാത്തലവും സമന്വയിപ്പിക്കുന്ന മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ടീസർ എത്തുന്നതോടെ സിനിമയുടെ കഥാലോകത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ഛായാഗ്രഹണം – ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ – സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ – രോഹിത് ആർ നായർ, കോസ്റ്റ്യൂം – സമീറ സനീഷ്, മേക്കപ്പ് – അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബോസ് വി, വരികൾ – രാജീവ് ഗോവിന്ദൻ, ജിതിൻ കെ ജോസ്, കോ – റൈറ്റർ – ശ്രീഖിൽ ശ്രീനിവാസൻ, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, വിപിൻ കുമാർ വി, സ്റ്റിൽസ് – സിനത് സേവ്യർ, പ്രോജക്ട് ഡിസൈനർ – ആൻ്റണി സ്റ്റീഫൻ.