വിജയ്‌യുടെ മകന്റെ ചിത്രം സിഗ്മ റിലീസിന് തയാർ

alternatetext

തമിഴ് താരം വിജയ്യുടെ മകനും പ്രശസ്ത സംവിധായകന്‍ എസ്.എ. ചന്ദ്രശേഖറിന്റെ പേരക്കുട്ടിയുമായ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പ്രേക്ഷകരുടെ പ്രതീക്ഷകളെക്കുറിച്ചും സ്റ്റാര്‍ കിഡ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും മനസുതുറക്കുന്നു. ഒരു അഭിമുഖത്തിലാണ് താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ജേസണ്‍ സഞ്ജയ് സംസാരിച്ചത്.

alternatetext

കുടുംബത്തിന്റെ പാരമ്പര്യവും പ്രശസ്തിയും എന്നും ഒപ്പമുണ്ടാകുമെന്നും, എന്നാല്‍ അതിലുപരിയായി തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജയ് പറഞ്ഞു. സിനിമ കാണാനെത്തുന്ന പ്രേക്ഷകര്‍ ആദ്യത്തെ അഞ്ചു മിനിറ്റ് മാത്രമായിരിക്കും ഇന്നയാളുടെ മകനാണ് ചിത്രം സംവിധാനം ചെയ്തത് എന്ന് ചിന്തിക്കുകയെന്നും, അതിനുശേഷം സിനിമയും തന്റെ അധ്വാനവുമാണ് സംസാരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ നല്ലതാണെങ്കിലും മോശമാണെങ്കിലും അത് സ്വീകരിക്കാന്‍ തയാറാണെന്നും ചിത്രം പുറത്തിറങ്ങിയ ശേഷം സ്വന്തമായൊരു സ്വത്വം രൂപപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദീപ് കിഷന്‍ നായകനാകുന്ന ‘സിഗ്മ’ ഒരു ഹൈസ്റ്റ് ത്രില്ലര്‍ ചിത്രമാണ്. ഫറിയ അബ്ദുള്ള, രാജു സുന്ദരം, ശിവ് പണ്ഡിറ്റ്, ഷീല രാജ്കുമാര്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ലൈകാ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് അണിയറപ്രവര്‍ത്തകര്‍.