സെന്‍സറിംഗ് പൂര്‍ത്തിയാക്കി ‘ആശ’, യു/എ സര്‍ട്ടിഫിക്കറ്റോടെ സെപ്റ്റംബര്‍ 11-ന് തിയേറ്ററുകളിലേക്ക്

alternatetext

ഉര്‍വശിയും ജോജു ജോര്‍ജും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമായ ‘ആശ’ സെന്‍സറിംഗ് നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. സെപ്റ്റംബര്‍ 11-ന് ചിത്രം ആഗോളതലത്തില്‍ ബിഗ് സ്‌ക്രീനുകളിലെത്തും. ഒരു അപ്രതീക്ഷിത അപകടവും അതിനെത്തുടര്‍ന്ന് അരങ്ങേറുന്ന ദുരൂഹമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം  ലഭിച്ചിരുന്നു.

alternatetext

സങ്കീര്‍ണവും വേറിട്ടതുമായ മേക്കോവറിലാണ് ഉര്‍വശിയും ജോജുവും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്‌സാണ്ടര്‍, രമേഷ് ഗിരിജ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അഞ്ച് ഭാഷകളിലാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.

നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ജോജു ജോര്‍ജ്, രമേഷ് ഗിരിജ, സഫര്‍ സനല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീതവും, മധു നീലകണ്ഠന്‍ ഛായാഗ്രഹണവും, ഷാന്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.