ജയസൂര്യ നായകനായ ‘ഓപ്പറേഷൻ ത്രാള്‍’ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

alternatetext

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി ഗുഡ്‌വില്‍ എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന വമ്പൻ പാൻ ഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ത്രാള്‍’ ചിത്രീകരണം പൂർത്തിയായി. സിനിമയുടെ പാക്കപ്പ് പാർട്ടിയുടെ ദ്യശ്യങ്ങള്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കേരളം, കോയമ്പത്തൂർ, ഡല്‍ഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

alternatetext

‘കിഷ്കിന്ധാ കാണ്ഡം’, ‘രോമാഞ്ചം’, ‘കസബ’, ‘അബ്രഹാമിന്റെ സന്തതികള്‍’ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഗുഡ്‌വില്‍ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഇതിനെ നോക്കിക്കാണുന്നത്. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാഷണല്‍ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ട് പോകുന്ന ചിത്രം വലിയ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും ഉള്‍ക്കൊള്ളുന്നതാണ്.

രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായി വേള്‍ഡ് വൈഡ് റിലീസിനാണ് ഒരുങ്ങുന്നത്. ജോബി ജോർജ് തടത്തില്‍ നിർമ്മിച്ച്‌ സുനിമോള്‍ ജോബി സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസണ്‍ പോള്‍, നന്ദലാല്‍ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ, സിറാജുദ്ദീൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നജോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്