മോഹൻലാലിന്റെ നേതൃത്വത്തില്‍ ഡിസ്നിയില്‍ നടക്കേണ്ടിയിരുന്ന ഷോ മാറ്റിവച്ചു

alternatetext

മോഹൻലാലിന്റെ നേതൃത്വത്തില്‍ ഡിസ്നിയില്‍ നടക്കേണ്ടിയിരുന്ന ഷോ മാറ്റിവച്ചു. മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടാത്തതിനാലാണ് ഷോ മാറ്റിവയ്ക്കേണ്ടി വന്നത്. മോഹൻലാലിന് മാത്രമാണ് വിസ ലഭിക്കാതിരുന്നത്. കെ.എസ്. ചിത്രയും മനോജ് കെ. ജയനും അടങ്ങുന്ന മറ്റു താരങ്ങള്‍ ഓസ്ട്രേലിയയിലെത്തിയിരുന്നു. വിസ ലഭിക്കുമെന്ന വിശ്വാസത്തില്‍ മോഹൻലാല്‍ സിംഗപൂർ വരെ എത്തിയിരുന്നു. എന്നാല്‍ എല്ലാ രീതിയിലും പരിശ്രമിച്ചിട്ടും താരത്തിന് വിസ ലഭിച്ചില്ല. അതിനാല്‍ ഷോ കാൻസല്‍ ചെയ്യുകയായിരുന്നു. പകരം സിംഗപൂരില്‍ നിന്നും മോഹൻലാല്‍ ന്യൂസിലാൻഡിലേയ്ക്ക് പോകും. ചിത്ര ഉള്‍പ്പെടുന്ന സംഘവും ന്യൂസിലാൻഡില്‍ എത്തും. തുടർന്ന് അവിടെ ഷോ നടത്തും.

alternatetext

സംഭവത്തില്‍ വൈകാരിമായി ക്ഷമ ചോദിച്ച്‌ മോഹൻലാല്‍ വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തില്‍ മോഹൻലാല്‍ പറയുന്നുണ്ട്. ‘സാങ്കേതിക പിഴവാണോ അതോ ക്ലറിക്കല്‍ മിസ്റ്റേക്കാണോ എന്താണെന്ന് ഞാൻ അതിൻ്റെ കൂടുതല്‍ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എന്റെ കുറ്റമായി തന്നെ ഞാൻ അത് നിങ്ങളോട് പറയുന്നു. എനിക്ക് വരാൻ പറ്റുന്നില്ല. ഞാൻ ഒഴിച്ച്‌ എല്ലാവരും അവിടെയുണ്ട്. എനിക്കറിയില്ല എന്ത് പറയണമെന്ന്. ഞാൻ ക്ഷമ ചോദിക്കുന്നു’ എന്നാണ് വീഡിയോ സന്ദേശത്തില്‍ മോഹൻലാല്‍ പറഞ്ഞിരിക്കുന്നത്