
മോഹൻലാല്‍ നായകനാവുന്ന ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ അനൗണ്‍സ്മെന്റ് പോസ്റ്റർ പുറത്തുവന്നു.

സെപ്റ്റംബർ 18-നാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുന്നത്. ടീസർ അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ ഗംഭീരലുക്കിലാണ് മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രശസ്ത സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുണ്‍ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് വൃഷഭ നിർമിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
ആക്ഷൻ, വൈകാരികത, ഇന്ത്യൻ പുരാണകഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് വൃഷഭ ലക്ഷ്യമിടുന്നത്. മോഹൻലാലിന്റെ ജന്മദിനത്തില്‍ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു. യോദ്ധാവിന്റെ രൂപത്തില്‍ രാജകീയമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മോഹൻലാലിനെ അവതരിപ്പിച്ചത്.
അതിനൂതനമായ വിഷ്വല്‍ ഇഫക്റ്റുകള്‍, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ എന്നിവയുമായി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് ചിത്രം. അടുത്തിടെയാണ് മോഹൻലാല്‍ ഈ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയത്. സിനിമാനുഭവത്തിന്റെ മികവിന്റെ അതിരുകള്‍ മറികടക്കുന്ന ചിത്രമാക്കി വൃഷഭയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.
2025 ദീപാവലി റിലീസായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഛായാഗ്രഹണം ആന്റണി സാംസണ്‍, എഡിറ്റിംഗ് കെ എം പ്രകാശ്, സംഗീതം സാം സി എസ്, സൗണ്ട് ഡിസൈൻ റസൂല്‍ പൂക്കുട്ടി, പിആർഒ ശബരി.




