എയ്മ വോയ്സ് ദേശീയ സംഗീത മത്സരം ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ; ഫൈനല്‍ കൊച്ചിയില്‍

alternatetext

കൊച്ചി: മലയാളി ഗായകർക്കായി ആള്‍ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി എയ്മ വോയ്സ് 2025 ഓഗസ്റ്റ് മുതല്‍ ഡിസംബർ വരെ നടക്കും.

alternatetext

സംസ്ഥാന തല മത്സരങ്ങള്‍ ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബർ 15നുള്ളില്‍ അതാത് സംസ്ഥാന കേന്ദ്രങ്ങളില്‍ നടക്കും. മലയാളം സെമി ക്ലാസ്സിക്കല്‍, മെലഡി ഗാനങ്ങള്‍ അടങ്ങുന്ന റൗണ്ടുകളാണ് മത്സരത്തില്‍ ഉണ്ടാകുക.

മേഖലാതല മത്സരങ്ങള്‍ ഒക്ടോബർ 26 ദക്ഷിണ മേഖല (ചെന്നൈ) നവംബർ രണ്ട് ഉത്തര മേഖല (ഡല്‍ഹി) നവംബർ ഒമ്ബത് പശ്ചിമ മേഖല (മുംബൈ) നവംബർ 16, പൂർവ്വ മേഖല (കൊല്‍ക്കത്ത ) എന്നിങ്ങനെയാണ്. മേഖലാതല മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള എയ്മ വോയ്സ് ഗ്രാന്റ് ഫിനാലെ ഡിസംബർ 25 മുതല്‍ 28 വരെ കൊച്ചിയില്‍ നടക്കും. സംസ്ഥാന മേഖലാ തല മത്സരങ്ങളിലെ വിജയികള്‍ക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനമായി ലഭിക്കും ഗ്രാന്റ് ഫിനാലെയിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനം അൻപതിനായിരം രൂപയും രണ്ടാം സമ്മാനം ഇരുപത്തയ്യായിരം രൂപയും മൂന്നാം സമ്മാനം പതിനയ്യായിരം രൂപയും ലഭിക്കും. ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനാർഹർക്ക് ലഭിക്കും.

ദക്ഷിണ മേഖലയില്‍ ആന്ധ്രപ്രദേശ്, കർണാടക, കേരളം, പോണ്ടിച്ചേരി. തമിഴ്നാട്, തെലങ്കാന. പശ്ചിമ മേഖലയില്‍ ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്. ഉത്തരമേഖലയില്‍ ഡല്‍ഹി, ചണ്ഡീഗഡ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്. പൂർവ്വ മേഖലയില്‍ ആൻഡമാൻ, ആസാം, അരുണാചല്‍ പ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, മേഘാലയ, നാഗാലാന്റ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗായകരാണ് മത്സരിക്കുക.

പത്ത് മുതല്‍ 15 വയസു വരെയുള്ള ജൂനിയർ, 16 മുതല്‍ 25 വയസു വരെയുള്ള സീനിയർ, 26 വയസിനു മുകളിലുള്ള സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. സംസ്ഥാന തല മത്സരങ്ങളില്‍ നിന്നു ഓരോ ഗ്രൂപ്പില്‍ നിന്നും മൂന്നു പേർ വീതം മേഖലാതല മത്സരങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെടും, മേഖലാതല മത്സരങ്ങളില്‍ നിന്ന് ഒരോ ഗ്രൂപ്പില്‍ നിന്നും മൂന്ന് പേർ വീതം ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കാനും അർഹതനേടും.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓഗസ്റ്റ് 15 നു മുൻപായി www.myaima.org.in എന്ന വെബ്സൈറ്റില്‍ പേർ രജിസ്റ്റർ ചെയ്യണമെന്ന് എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ ജനറല്‍ സെക്രട്ടറി കെ ആർ മനോജ്, എയ്മവോയ്സ് സംഘാടക സമിതി ചെയർമാൻ പി എൻ ശ്രീകുമാർ എന്നിവർ അറിയിച്ചു. 500 രൂപയാണ് എൻട്രി ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9884909366 എന്ന നമ്ബറിലും ബന്ധപ്പെടാം.