
പ്രേക്ഷകരില്‍ ഫ്രഷ്നെസ് നിറച്ചുകൊണ്ട് രസകരമായ കളർഫുള്‍ പോസ്റ്ററുകളും പാട്ടുമായി ഇതിനകം തരംഗമായി മാറിയ സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന ‘പൈങ്കിളി’ സിനിമയുടെ കൗതുകം ജനിപ്പിക്കുന്ന ട്രെയിലർ പുറത്ത്. തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണെന്ന സൂചന നല്‍കുന്നതാണ് ട്രെയിലർ. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

‘ആവേശ’ത്തിലെ അമ്ബാനായും ‘പൊൻമാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ‘ചുരുളി’, ‘ജാൻ എ. മൻ’, ‘രോമാഞ്ചം’, ‘നെയ്മർ’, ‘ചാവേർ’ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ സജിൻ എത്തിയിട്ടുണ്ട്. ‘പൈങ്കിളി’യിലെ ആദ്യ സിംഗിള്‍ ‘ഹാർട്ട് അറ്റാക്ക്’ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു.
നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസില്‍ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.
ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്ബിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സണ്‍, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖില്‍, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആഷിഖ് അബു ,ദിലീഷ് പോത്തൻ, ജോണ്‍പോള്‍ ജോർജ്ജ്, വിഷ്ണു നാരായണൻ എന്നിവരുടെ ശിഷ്യനായി പ്രവർത്തിച്ച ശ്രീജിത്ത് ബാബു ‘രോമാഞ്ചം’, ‘ആർ ഡി. എക്സ്’ , ‘ആവേശം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. അർജുൻ സേതു ഛായാഗ്രഹണം നിർവഹിക്കുന്നു.




