alternatetext

വടക്കൻ വരുന്നു; കൗതുകവും ആകാംക്ഷയും നിറച്ച്‌ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

alternatetext
alternatetext

വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദർശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പർ നാച്ചുറല്‍ ത്രില്ലർ ‘വടക്കൻ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

alternatetext

ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന കിഷോറിന്റെ രണ്ട് ഗെറ്റപ്പുകളാണ് പോസ്റ്ററിലുള്ളത്. തലമുണ്ഡനം ചെയ്തുള്ളൊരു രൂപവും പ്രതീകാത്മകമായ മറ്റൊരു രൂപവുമാണ് പോസ്റ്ററിലുളളത്. പാരാനോർമല്‍ ഇൻവെസ്റ്റിഗേറ്ററായാണ് ചിത്രത്തില്‍ അദ്ദേഹം എത്തുന്നത്. സജീദ് എ. കഥയെഴുതി സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ‘വടക്കൻ’ ഓഫ് ബീറ്റ് സ്റ്റുഡിയോസാണ് നിർമ്മിച്ചിരിക്കുന്നത്. മാർച്ച്‌ ഏഴിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

മലയാള സിനിമയില്‍ ആദ്യമായി ഓഡിയോ ട്രെയിലർ ‘വടക്കൻ’ സിനിമയുടേതായി അടുത്തിടെ ലോഞ്ച് ചെയ്തിരുന്നു. ഇറ്റലിയിലെ അഭിമാനകരമായ 78-ാമത് ഫെസ്റ്റിവല്‍ ഇന്റർനാഷണല്‍ ഡെല്‍ സിനിമ ഡി സലേർനോ 2024ല്‍ (78ാമത് സലേർനോ ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍) ഒഫീഷ്യല്‍ കോംപറ്റീഷനില്‍ പ്രീമിയർ ചെയ്തിരുന്നു ചിത്രം. അതുപോലെ അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സൂപ്പർ നാച്വറല്‍ ത്രില്ലർ ചിത്രമായും ‘വടക്കൻ’ ഇടം പിടിച്ചിരുന്നു. കൂടാതെ ഫ്രാൻസിലെ റിംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ബെസ്റ്റ് ഫീച്ചർ ഫിലിം വിന്നറായിരുന്നു ‘വടക്കൻ’.

ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് ‘വടക്കൻ’ ഒരുക്കിയിരിക്കുന്നത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ് നിർമാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. മലയാളികള്‍ക്കും കേരളത്തിന് പുറത്തുള്ളവർക്കും വിദേശികള്‍ക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും ‘വടക്കൻ’ എന്നാണ് നിർമ്മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോയിലെ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ എന്നിവർ അറിയിക്കുന്നതും.

യു.എസ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് ആരംഭം കുറിച്ച ഓഫ്ബീറ്റ് മീഡിയ ഗ്രൂപ്പ് ഇന്ത്യയില്‍ നിന്നുള്ള ഏറെ വ്യത്യസ്തമായ കഥകള്‍ പ്രദർശിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായ 101 ഇന്ത്യാഡോട്ട് കോമിന് പിന്നിലെ സർഗ്ഗാത്മക ശക്തിയാണ്. മലയാളി സിനിമാ പ്രേക്ഷകർക്കായി ഓഫ് ബീറ്റ് സ്റ്റുഡിയോസ് സമാനതകളില്ലാത്ത കഥകളൊരുക്കുന്ന യൂണിവേഴ്‌സില്‍ ആദ്യത്തേതായാണ് ‘വടക്കൻ’ എത്തുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവില്‍ ഒരുങ്ങുന്ന ഒരു സൂപ്പർനാച്ചുറല്‍ ത്രില്ലറാണ് ‘വടക്കൻ’. മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും റിലീസിനായി ഒരുങ്ങുന്നുണ്ട്.

ഓസ്‌കർ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. ജാപ്പനീസ് ഛായാഗ്രഹക കെയ്‌കോ നകഹാര ഛായാഗ്രഹണം ഒരുക്കുന്നു. ഉണ്ണി ആറിൻറേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്‍കുന്നു. ആഗോളതലത്തില്‍ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം ‘വടക്കനി’ല്‍ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിൻറെ വിഎഫ്‌എക്‌സ് ഒരുക്കിയത്.

കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിൻ ഫിലിപ്പ്, മാലാ പാർവ്വതി, രവി വെങ്കട്ടരാമൻ, ഗാർഗി ആനന്ദൻ, ഗ്രീഷ്മ അലക്‌സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കർ, ആര്യൻ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിറാജ് നാസർ, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. എഡിറ്റർ സൂരജ് ഇ.എസ്, കളറിസ്റ്റ് ആൻഡ്രിയാസ് ബ്രുക്കേല്‍, പ്രൊഡക്ഷൻ ഡിസൈനർ എം ബാവ, പ്രൊഡക്ഷൻ കണ്‍ട്രോളർ സിൻജോ എബ്രഹാം, ഡിജിറ്റല്‍ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എൻറർടെയ്ൻമെൻറ്‌സ്, മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻസ് കണ്‍സള്‍ട്ടൻറ് : ശിവകുമാർ രാഘവ്, പിആർഒ: ആതിര ദില്‍ജിത്ത്.