
നാലു കളർഫുള്‍ ചിത്രങ്ങള്‍

ഓണം റിലീസുകള്‍ നാളെ മുതല്‍ തിയേറ്ററുകളില്‍. 5 മലയാള ചിത്രങ്ങളും രണ്ടു അന്യ ഭാഷ ചിത്രങ്ങളും റിലീസ് ചെയ്യും.
മോഹൻലാല്‍ – സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം, കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തുന്ന നസ്ളൻ നായകനായ ലോക: ചാപ്ടർ വണ്‍ – ചന്ദ്ര എന്നീ ചിത്രങ്ങള്‍ നാളെ റിലീസ് ചെയ്യും. ഫഹദ് ഫാസില്‍ നായകനായി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര, ഹൃദു ഹാറൂണ്‍ പ്രധാന വേഷത്തില്‍ എത്തുന്ന മേനേ പ്യാർ കിയ എന്നീ ചിത്രങ്ങള്‍ മറ്റന്നാള്‍ എത്തും. സത്യൻ അന്തിക്കാടും മോഹൻലാലും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രമായ ഹൃദയപൂർവ്വത്തില്‍ മാളവിക മോഹനനാണ് നായിക. സംഗീത, ലാലുഅലക്സ്, ബാബുരാജ്, സ്രിന്ധ,സംഗീത് പ്രതാപ്, സബിത ആനന്ദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മീര ജാസ്മിൻ, ബേസില്‍ ജോസഫ് എന്നിവർ അതിഥി വേഷത്തില്‍ എത്തുന്നു. അഖില്‍ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ആണ് ഛായാഗ്രഹണം. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂർ ആണ് നിർമ്മാണം.
അരുണ്‍ ഡൊമിനിക് രചനയും സംവിധാനവും നിർവഹിക്കുന്ന
ലോക: ചാപ്ടർ വണ്‍ – ചന്ദ്ര ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസ് ആണ് നിർമ്മാണം. ചന്ദു സലിംകുമാർ, അരുണ്‍കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷത്തില്‍ എത്തുന്നു. ദുല്‍ഖർ സല്‍മാനും ടൊവിനോ തോമസും അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്കുശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയിലൂടെ ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഇതാദ്യമായി ഒരുമിക്കുന്നു. രേവതി പിളൈ, വിനയ് ഫോർട്ട്, ലാല്‍, ധ്യാൻ ശ്രീനിവാസൻ, ബാബു ആന്റണി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം.നവാഗതനായ ഫൈസല്‍ ഫസിലുദീനാണ് മേനേ പ്യാർ കിയാ സംവിധാനം ചെയ്യുന്നത്. മന്ദാകിനി എന്ന റൊമാന്റിക് കോമഡി ചിത്രത്തിനുശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താൻ എത്തുകയാണ്. സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രീതി മുകുന്ദനാണ് നായിക. അഖില്‍ മാരാർ നായകനാവുന്ന മുള്ളൻ കൊല്ലി തിരുവോണ ദിനമായ സെപ്തംബർ 5ന് റിലീസ് ചെയ്യും. ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെയും അനുഷ്ക ഷെട്ടിയുടെ ഘാട്ടിയുടെയും റിലീസും അന്നാണ്.




