
റിലീസിനു മുന്നേ ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോയി മലയാള ചിത്രമാണ് ‘ആസാദി’. ചിത്രത്തേക്കുറിച്ചുള്ള ചർച്ചകള്‍ അവസാനിക്കുന്നില്ല.

പ്രമുഖ ടിക്കറ്റിങ് പ്ലാറ്റ് ഫോമായ ബുക് മൈഷോയിലെ ആസാദിയുടെ സിനോപ്‌സിസ് അഥവാ കഥാസാരമാണ് പുതിയ ആകാംക്ഷകള്‍ക്കും പ്രതീക്ഷകള്‍ക്കും വഴിവച്ചത്. ഇങ്ങനെയൊരു ത്രില്ലർ മലയാളത്തില്‍ വന്നിട്ടുണ്ടോ എന്ന ചോദ്യത്തോടെ സിനിമാസ്വാദകരും പേജുകളും ട്രാക്കേഴ്സും അടക്കം സിനോപ്സിസ് എക്സ് ഹാ൯ഡിലുകളില്‍ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്. ഈ പ്ലോട്ടിലൊരു സിനിമ ഇതാദ്യമെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകളും.
ബുക്ക് മൈഷോയിലെ സിനോപ്സിസ് ഇങ്ങനെ: കൊലപാതക കേസിലെ പ്രതിയായി ജയിലില്‍ കഴിയുന്ന ഗർഭിണിയായ യുവതിയെ പ്രസവത്തിനായി സർക്കാർ ആശുപത്രിയിലെത്തിക്കുന്നു. അപ്പോള്‍, ആശുപത്രിയില്‍ വെച്ച് അമ്മയേയും നവജാതശിശുവിനെയും 24 മണിക്കൂറിനുള്ളില്‍ കടത്തിക്കൊണ്ടുപോകാൻ അവരുടെ ഭർത്താവ് പുറത്തുനിന്ന് ഒരു വമ്ബൻ പദ്ധതി തയ്യാറാക്കുന്നു. ആശുപത്രിക്ക് അകത്തുതന്നെയുള്ള ചിലരെയും പണം കൊടുത്ത് ഇതിനായി നിയോഗിച്ചാണ് ഗൂഢപദ്ധതി ആവിഷ്കരിക്കുന്നത്. എന്നാല്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള ഇവരുടെ മുൻകാലത്തെ ചില ശത്രുക്കള്‍ ആശുപത്രിയില്‍ നുഴഞ്ഞുകയറുന്നതോടെ, കടത്തിക്കൊണ്ടുപോകല്‍ അതിജീവിനത്തിനായുള്ള ഏറ്റുമുട്ടലായി മാറുന്നു. സമയം നീങ്ങുംതോറും, യുവതി പ്രതിയാക്കപ്പെട്ട മരണത്തിന്റെ കാരണം എല്ലാത്തിനേയും തകർക്കാൻ ശേഷിയുള്ളതാവുന്നു.
മലയാളത്തില്‍ ഇന്നോളം കേട്ടിട്ടില്ലാത്ത വിഷയമെന്ന ഖ്യാതിയോടെ ട്രെയിലർ പുറത്തിറങ്ങിയ ആസാദി ഈ മാസം 23ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍ നടന്ന കഥയാണ് ഇതെന്ന് സൂചനയുണ്ട്. ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന രഘുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ലാലും അതിശക്തമായ വേഷത്തിലെത്തുന്നു. വാണി വിശ്വനാഥ്, രവീണ എന്നിവർക്കൊപ്പം വലിയൊരു താരനിര കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. നവാഗതനായ ജോ ജോർജാണ് സംവിധാനം. തിരക്കഥ സാഗറും.
ഓഫിസർ ഓണ്‍ ഡ്യൂട്ടി, തുടരും എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ റിലീസിന് മുന്നേ ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോയതും ഏറെ വാർത്തകള്‍ സൃഷ്ടിച്ചിരുന്നു. സമീപകാലത്ത് ഒ.ടി.ടി അവകാശം തീയറ്ററില്‍ എത്തിയശേഷമേ കമ്ബനികള്‍ പരിഗണിക്കാറുള്ളൂ. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മ്മിക്കുന്ന ചിത്രം സെ൯ട്രല്‍ പിക്ച്ചേഴ്സാണ് വിതരണത്തിനെടുത്തത്.
സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്.




