
മികച്ച അഭിപ്രായങ്ങള്‍ ഏറ്റുവാങ്ങി ധ്യാൻ ശ്രീനിവാസനും ലുക്ക്മാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘വള’ നിറഞ്ഞ തീയേറ്ററുകളില്‍ പ്രദർശനം തുടരുന്നതിനിടെ പ്രേക്ഷകഹൃദയങ്ങളില്‍ ഒരു നനുത്ത മഴ പോലെ പെയ്‌തിറങ്ങാൻ സിനിമയിലെ പുതിയ ഗാനം പുറത്തു വന്നു.

വിജയരാഘവനും ശാന്തി കൃഷ്‌ണയും പ്രധാന കഥാപാത്രങ്ങളായിട്ടുള്ള, ‘ദാസ്ഥാൻ’ എന്ന ഹിന്ദി ഭാഷയിലുള്ള വീഡിയോ ഗാനമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്.
പ്രണയിക്കാൻ പ്രായമൊരു തടസമല്ലെന്നു കാണിച്ച് വിജയരാഘവനും ശാന്തി കൃഷ്‌ണയും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഗാനം കേള്‍ക്കുന്നവരുടെ മനസില്‍ കുളിർമഴയായി പെയ്യുന്നതാണ്. 96 എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകരില്‍ ഒരാളായി മാറിയ ഗോവിന്ദ് വസന്തയാണ് ഇതിന് ഈണം നല്‍കിയതെന്ന് അറിയുമ്ബോള്‍ പിന്നീട് കൂടുതല്‍ പറയേണ്ട കാര്യമില്ലല്ലോ.
മലയാള സിനിമയില്‍ ഹിന്ദി ഗാനങ്ങള്‍ ഉള്‍പ്പെടുന്നത് ഇതാദ്യമായല്ല, പലതും ഹിറ്റ് ചാർട്ടില്‍ ഇടം പിടിക്കുകയും ചെയ്‌തിട്ടുണ്ട്. കയ്യൊപ്പിലെ ‘ജല്‍ത്തെ ഹേ ജിസ് കേലിയെ” പോലെ ഗസലിന്റെയും സൂഫി സംഗീതത്തിന്റെയും സുഖമുള്ള അനുഭവം നല്‍കുന്നതാണ് ‘വള’ സിനിമയിലെ ഈ ഗാനവും. ഇതിനു മുൻപ് ഈ സിനിമയിലേതായി പുറത്തുവന്ന ഗാനങ്ങള്‍ പോലെ അടുത്ത ദിവസങ്ങളില്‍ ഈ ഗാനവും പ്രേക്ഷകർ ഏറ്റെടുക്കുമെന്നതില്‍ സംശയമില്ല.
തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെ പുറത്തു വന്ന ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. കാശ്‌മീരി സൂഫി റോക്ക് സിംഗർ യവാർ അബ്ദാല്‍ പാട്ടിന്റെ വരികളെഴുതി ആലപിച്ചിരിക്കുന്നു. ഗോവിന്ദ് വസന്തയുടെ ഈണത്തിനൊപ്പം അബ്ദാലിൻ്റെ മനോഹര ശബ്‌ദം കൂടിച്ചേരുമ്ബോള്‍ സംഗീതപ്രേമികള്‍ക്ക് എന്നും പ്ലേലിസ്റ്റില്‍ സൂക്ഷിക്കാനുള്ള ഒരു ഗാനമാണ് പിറന്നത്.
നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ‘കഠിന കടോരമീ അണ്ഡകടാഹം’ എന്ന ചിത്രം സംവിധാനം ചെയ്‌ത മുഹാസിനാണ് ‘വള’ സംവിധാനം ചെയ്‌തിരിക്കുന്നത്. അദ്ദേഹത്തിന്റെ മുൻ ചിത്രത്തില്‍ ഗോവിന്ദ് വസന്ത ഈണമിട്ട പാട്ടുകളില്‍ പലതും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പതിവ് തെറ്റിക്കാതെ ഗോവിന്ദ് വസന്തയെക്കൊണ്ട് തന്നെ ‘വള’യിലൂടെയും അദ്ദേഹം മനോഹരമായ ഗാനങ്ങള്‍ നമുക്ക് നല്‍കിയിരിക്കുകയാണ്.