
ടൊവിനോ തോമസ് നായകനാക്കി മുഹ്സിന് പരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തന്ത വൈബ്’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

ഒരു കളര്‍ഫുള്‍ ടോണില്‍ ഡാന്‍സ് പോസ് ചെയ്തു നില്ക്കുന്ന തരത്തിലാണ് പോസ്റ്ററില്‍ ടൊവിനോ ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും സൈക്കോളജിക്കല്‍ ഫിക്ഷനും സയന്‍സ് ഫിക്ഷനും ഒരുമിച്ച് ചേരുന്ന തരം ഴോണറില്‍ ഒരുങ്ങുന്ന സിനിമയാണ് തന്ത വൈബ് എന്നും മുഹ്സിന് പരാരി പറഞ്ഞു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് മുഹ്സിന് ഇക്കാര്യം പറഞ്ഞത്. ഡാര്‍ക്ക് കോമഡി, ആക്ഷന്‍ അഡ്വെഞ്ചര്‍, മാര്‍ഷ്യല്‍ ആര്‍ട്സ്, സറിയലിസം തുടങ്ങിയ ഴോണറുകളുടെയും മിക്സ് ആണ് തന്ത വൈബ് എന്നും മുഹ്സിന് വ്യക്തമാക്കി. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചമന്‍ ചാക്കോ ആണ് എഡിറ്റര്‍. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്. മറ്റു വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
നിരവധി സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതിയ മുഹ്സിന് പരാരി പാട്ടെഴുത്തില്‍ നിന്ന് ഇടവേളയെടുത്ത വിവരം ആരാധകരെ നേരത്തെ അറിയിച്ചിരുന്നു. നേരത്തെ ടൊവിനോ ചിത്രം തല്ലുമാലയുടെ സംവിധാന ചുമതല ഉണ്ടായിരുന്ന ഇദ്ദേഹം പിന്നീട് അതില്‍ നിന്ന് മാറിനിന്നിരുന്നു. സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാല്‍ ലൗ സ്റ്റോറി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയ്ക്ക് പിന്നിലും മുഹ്സിന് ആയിരുന്നു.




