
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ മാസം 31ന് പ്രഖ്യാപിക്കും. 36 സിനിമകളാണ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയില്‍ വന്ന 36 സിനിമകളുടെ അവസാന ഘട്ട സ്ക്രീനിംഗാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.

55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറി കമ്മിറ്റിയാണ് അവസാന ഘട്ട സ്ക്രീനിംഗില്‍ സിനിമകള്‍ വിലയിരുത്തുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങളും മികച്ച ചിത്ര പുരസ്കാരത്തിനായി പരിഗണിക്കുന്ന ചിത്രങ്ങളുടെ അവസാന പട്ടികയിലുണ്ട്.
നടൻ മോഹൻലാല്‍ ആദ്യമായി സംവിധാനം നിർവഹിച്ച ബറോസ്, മോഹൻലാല്‍ – ലിജോ ജോസ് പെല്ലിശേരി ചിത്രം മലാക്കോട്ടെ വാലിബൻ തുടങ്ങിയ ചിത്രങ്ങളും അവസാന റൗണ്ടില്‍ എത്തിയിട്ടുണ്ട്. 128 സിനിമകളാണ് ഇത്തവണ അവാർഡ് കമ്മിറ്റിക്ക് മുന്നില്‍ എത്തിയത്.
രണ്ട് കമ്മിറ്റികളാണ് ആദ്യഘട്ടത്തില്‍ സിനിമകള്‍ തിരഞ്ഞെടുത്തത്.മികച്ച സിനിമ, മികച്ച നടൻ, നടി, ജനപ്രിയ ചിത്രം എന്നിവയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അജയന്റെ രണ്ടാം മോഷണം (ARM), ഗുരുവായൂർ അമ്ബലനടയില്‍, പ്രേമലു, വർഷങ്ങള്‍ക്കുശേഷം, സൂക്ഷ്മദർശിനി, മാർക്കോ, ഭ്രമയുഗം, ആവേശം, കിഷ്കിൻധാകാണ്ഡം എന്നിവയാണ് ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ അവസാന റൗണ്ടില്‍ ഉള്ളത്.




