alternatetext

50-ാം വാര്‍ഷിക നിറവില്‍ ടൊറൊൻറോ രാജ്യാന്തരചലച്ചിത്രമേള, പുതിയ പതിപ്പില്‍ മൂന്ന് ഇന്ത്യൻ ചിത്രങ്ങള്‍

alternatetext
alternatetext

ടൊറൊൻറോ രാജ്യാന്തരചലച്ചിത്രമേളയുടെ അമ്ബതാം പിറന്നാളാഘോഷിക്കപ്പെടുന്ന ഈ സെപ്റ്റംബറിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 74 പ്രധാനചിത്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്നു ചിത്രങ്ങളാണ് ഇതുവരെ ഇടം പിടിച്ചിട്ടുള്ളത്.

alternatetext

കാൻ ചലച്ചിത്രോത്സവത്തില്‍ പ്രദർശിപ്പിക്കപ്പെട്ട നീരജ് ഗയാവാൻറെ ‘ഹോംബൗണ്ട്’, അനുരാഗ് കാശ്യപിൻറെ ‘മങ്കി ഇൻ എ കെയ്ജ്’, രമേഷ് സിപ്പിയുടെ ‘ഷോലെ’ (പുതിയ പതിപ്പിൻറെ പ്രദർശനം) എന്നിവയാണവ. ബാക്കിനില്‍ക്കുന്ന മുന്നൂറിലധികം ചിത്രങ്ങളുടെ പേരുകള്‍ വരുന്ന ആഴ്ചകളിലായി പുറത്തുവരുന്നുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി തെന്നിന്ത്യൻ ചിത്രങ്ങളുടെ അഭാവം ചലച്ചിത്രമേളയില്‍ പ്രകടമായിരുന്നു.

ഇഷാൻ ഖട്ടർ, വിശാല്‍ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാനവേഷങ്ങളില്‍ വരുന്ന ഹോംബൗണ്ടിൻറെ സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്, നീരജ് ഗയാവാനാണ്. രണ്ടു ബാല്യകാലസുഹൃത്തുക്കളുടെ കഥപറയുന്ന ഈ ചിത്രം നീരജ് ഗയാവാൻറെ രണ്ടാമത്തെ കഥാചിത്രമാണ്. വിക്കി കൗശലും റിച്ചാ ഛദ്ദയും അഭിനയിച്ച, ആദ്യചിത്രമായ ‘മസാൻ’ 2015 ലെ കാൻ ചലച്ചിത്രമേളയില്‍ ഫിപ്രസി ഉള്‍പ്പടെ രണ്ട് പുരസ്ക്കാരങ്ങള്‍ നേടിയിരുന്നു. ടൊറോൻറോയില്‍ ആദ്യമായാണ് ഗയാവാൻറെ ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇവിടുത്തെ ഇന്ത്യൻ പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണിത്. നടനും സംവിധായകനുമായ അനുരാഗ് കാശ്യപിൻറെ ഏറ്റവും പുതിയ ചിത്രമായ ‘മങ്കി ഇൻ എ കെയ്ജ്’ ൻറെ ആഗോളപ്രദർശനോദ്ഘാടനം ടൊറോൻറോ മേളയിലായിരിക്കും. ഇന്ത്യയില്‍ അമ്ബതാം വാർഷികമാഘോഷിക്കുന്ന രമേഷ് സിപ്പിയുടെ ‘ഷോലെ’ യ്ക്ക് ആദരമെന്നോണം ആ ചിത്രത്തിൻറെ പുതിയ ഡിജിറ്റല്‍ പ്രിൻറാണ് ടൊറോൻറോ ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കുന്നത്. വരുന്ന ദിവസങ്ങളില്‍ മറ്റ് ഇന്ത്യൻ ഭാഷാചിത്രങ്ങളുടെ പേരുകളില്‍ ചിലതുകൂടി പുറത്തുവരുമെന്നുള്ള പ്രതീക്ഷയിലാണ് കാനഡയിലെ ഇന്ത്യക്കാർ.

തിരഞ്ഞെടുക്കപ്പെട്ട പ്രധാനചിത്രങ്ങളുടെ പേരുകളില്‍ അലെക്സ് വിൻററിൻറെ ‘അഡല്‍റ്റ്ഹുഡ്’, സ്കാർലെറ്റ് യോഹാൻസൻറെ ‘എലിനോർ ദി ഗ്രേറ്റ്’, അസീസ് അൻസാരിയുടെ ‘ഗുഡ് ഫോർച്യുണ്‍’, ജെയിംസ് വാൻഡെർബില്‍റ്റിൻറെ ‘ന്യൂറെൻബെർഗ്’, ആലിസ് വിനോകോറിൻറെ ‘കൗച്ചർ’, ഗ്വിലേർമോ ഡെല്‍ടോറോയുടെ ‘ഫ്രാങ്കൻസ്റ്റീൻ’, ജാഫർ പനാഹിയുടെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡൻറ്’, മാർക് ജെൻകിൻറെ ‘റോസ് ഓഫ് നെവാദ’, മാമോറു ഹൊസോദയുടെ ‘സ്കാർലെറ്റ്’, സ്റ്റീവെൻ സോഡെർബെർഗിൻറെ ‘ദി ക്രിസ്റ്റഫേഴ്സ്’ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.

കാനഡയിലെ ‘ഉത്സവങ്ങളുടെ ഉത്സവ’മായാണ് ടൊറൊൻറോ രാജ്യാന്തരചലച്ചിത്രോത്സവം അറിയപ്പെടുന്നത്. നഗരത്തിലെ മുപ്പതിലധികം വേദികളിലായി പ്രദർശിപ്പിക്കപ്പെടുന്ന നാനൂറില്‍ താഴെ വരുന്ന ചിത്രങ്ങള്‍ കാണാനായി ലോകത്തിൻറെ പലഭാഗത്തുനിന്നുമായി എത്തിച്ചേരുന്നത് പ്രതിവർഷം അഞ്ചുലക്ഷത്തോളം പേരാണ്. രണ്ടായിരത്തോളം മാധ്യമപ്രതിനിധികളാണ് ഇതിനായി ഇവിടേയ്ക്കെത്തുന്നത്. രണ്ടായിരത്തഞ്ഞൂറോളം വോളൻറിയർമാരും മേളയുടെ സുഗമമായ നടത്തിപ്പിനായി വേദികളിലുണ്ടാവും.

വരുന്ന സെപ്റ്റംബർ 4 മുതല്‍ 14 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഇവിടെനിന്നു തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളാണ് സാധാരണയായി ഓസ്കർ വേദികളിലും എല്ലാവർഷവും തിളങ്ങിനില്‍ക്കാറുള്ളത്.