
തിയേറ്ററുകളില്‍ ജൂണ്‍ 19ന് റിലീസ് ചെയ്ത ‘ചിന്ന ചിന്ന ആസൈ’ ഇനി ഒടിടി റിലീസിന് ഒരുങ്ങുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.

വർഷ വാസുദേവ് സംവിധാനം ചെയ്ത ചിത്രം, ജീവിതത്തിലെ അപ്രതീക്ഷിത കൂടിക്കാഴ്ചകള്‍ എങ്ങനെ രണ്ട് മനുഷ്യരുടെ ജീവിതം മാറ്റിമറിക്കുമെന്ന കഥയാണ് പറയുന്നത്. തഞ്ചാവൂരില്‍ നിന്നുള്ള ലീലയായി മധു ഷായും കേരളത്തില്‍ നിന്നുള്ള അധ്യാപകൻ മാധവൻ മാസ്റ്ററായി ഇന്ദ്രൻസ്യും എത്തുന്നു. വാരണാസിയില്‍ വെച്ച് യാദൃശ്ചികമായി കണ്ടുമുട്ടുന്ന ഇവരുടെ ഒരു ദിവസത്തെ യാത്രയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജൂലൈ 28 മുതല്‍ ജിയോഹോട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്ന് പ്ലാറ്റ്ഫോം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പരസ്പരം ഭാഷ പോലും അറിയാത്ത രണ്ട് വ്യക്തികള്‍ ജീവിതാനുഭവങ്ങളും സ്വപ്നങ്ങളും പങ്കുവെക്കുന്നതിനിടെ രൂപപ്പെടുന്ന ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സംഭാഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് കഥ വികസിക്കുന്നത്.
അപർണ ബാലമുരളി, തമ്പി രാമയ്യ, കാളി വെങ്കട്ട്, വിഷ്ണു അഗസ്ത്യ, സായി ജനനി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്ത യാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്, എഡിറ്റിംഗ് റെക്സണ്‍ ജോസഫ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.
തിയേറ്റർ റിലീസിന് ശേഷം സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ചിത്രം, ഇപ്പോള്‍ ഒടിടി പ്രേക്ഷകരിലേക്കും എത്തുന്നതോടെ കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.



