
ദേശീയ അവാർഡ് ജേതാവ് സജിൻ ബാബുവിന്റെ ‘തീയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ 2025-ലെ 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡില്‍ ശ്രദ്ധേയനേട്ടങ്ങള്‍ സ്വന്തമാക്കി.

കാൻസ് ഫിലിം ഫെസ്റ്റിവലില്‍ ട്രെയ്ലർ പ്രകാശനം ചെയ്ത് ശ്രദ്ധനേടിയ ചിത്രം, ഇപ്പോള്‍ കേരളത്തിലും അംഗീകാരം നേടിയത് അഭിമാനം ഉണർത്തുന്ന കാര്യമാണ്.
ചിത്രത്തിലെ ശക്തമായ പ്രകടനത്തിന് റിമ കല്ലിങ്കലിന് 2024-ലെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചപ്പോള്‍, പ്രമോദ് വെളിയനാട് സ്പെഷ്യല്‍ ജ്യൂറി അവാർഡ് നേടി. ഒട്ടേറെ പ്രശംസ നേടിയതും, ദേശീയ- സംസ്ഥാന അംഗീകാരങ്ങള്‍ നേടുകയും ചെയ്ത ‘ബിരിയാണി’ എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു കഥ- തിരക്കഥ- സംഭാഷണം- സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രമാണ് ‘തീയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ‘തീയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’.
അഞ്ജന ഫിലിപ്പിന്റെയും ഫിലിപ്പ് സക്കറിയയുടെയും നേതൃത്വത്തില്‍ അഞ്ജന ടോക്കീസ് ബാനറില്‍ നിർമിച്ച ചിത്രത്തില്‍ സന്തോഷ് കോട്ടായി സഹനിർമാതാവാണ്. ഛായാഗ്രഹണം ശ്യാമപ്രകാശ് എംഎസും, എഡിറ്റിങ് അപ്പു ഭട്ടത്തിരിയും ആണ് നിർവഹിച്ചിരിക്കുന്നത്. സെയ്ദ് അബാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പബ്ലിക് റിലേഷൻസ് എഎസ് ദിനേശ് ആണ് നിർവഹിക്കുന്നത്. മാാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത് ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യല്‍) ആണ്.




