
ദേശീയ അവാർഡ് ജേതാവായ മേഘ്ന ഗുല്‍സാർ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം ‘ദായ്റ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം സെപ്റ്റംബർ 18-ന് തീയേറ്ററുകളിലെത്തും. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

യാഷ് കെസ്വാനി, സീമ അഗർവാള്‍, മേഘ്ന ഗുല്‍സാർ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജംഗിള്‍ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ആദ്യമായി കൈകോർക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് പെൻ മരുധർ ആണ്. ‘തല്‍വാർ’, ‘റാസി’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മേഘ്ന ഗുല്‍സാർ ജംഗിള്‍ പിക്ചേഴ്സുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പോലീസ് ബാരിക്കേഡിന്റെ ഇരുവശങ്ങളിലായി നില്ക്കുന്ന നായക കഥാപാത്രങ്ങളെയാണ് പോസ്റ്ററില്‍ കാണാൻ സാധിക്കുന്നത്. പ്രേക്ഷകരില്‍ ഉദ്വേഗം സൃഷ്ടിക്കുന്നതിനൊപ്പം സാമൂഹിക ചർച്ചകള്‍ക്കും വഴിതുറക്കുന്ന രീതിയിലാണ് സിനിമയുടെ പ്രമേയം.



