
തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുല്‍ഖർ സല്മാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

സെല്‍വമണി സെല്‍വരാജ് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെല്‍വമണി സെല്‍വരാജ്.
ദുല്‍ഖർ സല്മാൻ സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിന്റെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. രണ്ട് ശ്രദ്ധേയമായ നിർമ്മാണ കമ്ബനികളെ ഒരുമിപ്പിച്ചു കൊണ്ട് വരുന്ന ചിത്രം കൂടിയാണ് കാന്ത. ദുല്‍ഖർ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുല്‍ഖർ സല്മാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുല്‍ഖർ സല്‍മാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ട്രെയിലറും കൂടുതല്‍ വിശദാംശങ്ങളും വരും മാസങ്ങളില്‍ വെളിപ്പെടുത്തും.
മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഒരു നടനെന്ന നിലയില്‍ മികച്ച പ്രകടനത്തിന് അവസരം നല്കുന്ന ഈ ചിത്രം മനുഷ്യ വികാരങ്ങളുടെ ആഴം പിടിച്ചെടുക്കുന്ന മനോഹരമായ കഥയാണ് പറയുന്നതെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ ദുല്‍ഖർ സല്മാൻ കുറിച്ചിരുന്നു.
ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം: ഝാനു ചന്റർ, എഡിറ്റർ: ലെവെലിൻ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ: ശബരി.




