
മാർക്കോയുടെ വമ്ബൻ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോള്‍ വർഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന് ആഗസ്റ്റ് ഇരുപത്തിരണ്ടിന് തിരിതെളിയും.

കൊച്ചിയില്‍ അരങ്ങേറുന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്നത്. പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം നാല്‍പ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റില്‍ ബ്രഹ്മാണ്ഡ ക്യാൻവാസിലാണ് അവതരണം.
ബിഗ് ബഡ്ജറ്റ് ചിത്രമായ കാട്ടാളൻ മാർക്കോയേപ്പോലെയോ, അതിലും മുകളിലോസാങ്കേതിക മികവോടെയായിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുക. മാർക്കോയില്‍ രവി ബസ്രൂറിനെ സംഗീത സംവിധായകനായി അവതരിപ്പിച്ച ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പൊന്നിയൻ സെല്വൻ ഒന്നാം ഭാഗം, ബാഹുബലി – 2, ജവാൻ, ബാഗി – 2, ഓങ്ബാക്ക് 2 തുടങ്ങിയ വമ്ബൻ ചിത്രങ്ങള്‍ക്കു ആക്ഷൻ ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡി ഈ ചിത്രത്തിൻ്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. നായകനായ ആൻ്റണി വർഗീസ് തന്റെ യഥാർത്ഥ പേരില്‍ത്തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. മാർക്കോ പോലെ തന്നെ പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് കാട്ടാളൻ്റെ അവതരണം. രജിഷാ വിജയനാണ് നായിക.
തെലുങ്കിലെ പ്രശസ്ത താരം സുനില്‍( പുഷ്പ ഫെയിം), മാർക്കോയിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തിയാർജ്ജിച്ച കബീർ ദുഹാൻ സിംഗ്, കേരളത്തില്‍ വലിയ തരംഗമായി മാറിയ വ്ളോഗറും സിംഗറുമായ ഹനാൻ ഷാ, റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു, എന്നിവരും മലയാളത്തില്‍ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കു പുറമേ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ഈ ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കണ്ട്രോളർ – ദീപക് പരമേശ്വരൻ. മറ്റ് അഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും പേരുകള്‍ പൂജാവേളയില്‍ പ്രഖ്യാപിക്കുന്നതാെണന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി പൂർത്തിയാകും. പിആർഓ – വാഴൂർ ജോസ്.




