
വിഖ്യാത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയുടെ Gandhi Before India, Gandhi: The Years That Changed the World എന്നീ പുസ്തകങ്ങളെ ആധാരമാക്കി ഹൻസല്‍ മേത്ത സംവിധാനം ചെയ്ത പരമ്ബരയായ ‘ഗാന്ധി’ യുടെ ആദ്യഭാഗം ടൊറോൻറോ രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മൂന്ന് പ്രധാന ഭാഗങ്ങളായിട്ടാണ് ഈ പരമ്ബരയുടെ നിർമ്മാണം നടക്കുന്നത്. മേളയുടെ പ്രൈം ടൈം വിഭാഗത്തിലേയ്ക്കാണ് ആദ്യഭാഗത്തിൻറെ ആഗോള പ്രദർശനോദ്ഘാടനം നടക്കാൻ പോകുന്നത്. അമ്ബതുവർഷത്തെ ചരിത്രത്തില്‍, ഇന്ത്യയില്‍ നിന്ന് ടൊറോൻറോ മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സീരീസാണിത്.
അപ്ലോസ് എൻറർടെയ്ൻമെൻറ് നിർമ്മിക്കുന്ന ഈ സീരീസില്‍ , ഇതിനകം നാടകങ്ങളിലൂടെയും വെള്ളിത്തിരയിലൂടെയും മികച്ച നടനെന്ന് ഖ്യാതി നേടിയ പ്രതീക് ഗാന്ധിയാണ് മഹാത്മജിയുടെ വേഷത്തില്‍ വരുന്നത്. മുമ്ബ്, മനോജ് ഷായുടെ ‘മോഹൻ നോ മസാലോ’ എന്ന ഗുജറാത്തി നാടകത്തില്‍ അദ്ദേഹം ഗാന്ധിവേഷം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻറെ തന്നെ ജീവിതപങ്കാളിയായ ഭാമിനി ഓസയാണ് കസ്തൂർബയുടെ വേഷമിടുന്നത്. ചിത്രത്തിൻറെ ചരിത്രോപദേശകനായി പ്രവർത്തിക്കുന്നത്, വിവിധ ടെലിവിഷൻ പരിപാടികളികളിലൂടെയും ക്വിസ് പ്രൊഗ്രാമുകളിലൂടെയും സുപരിചിതനായ സിദ്ധാർത്ഥ് ബസുവാണ്.
ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് ഈ പരമ്ബര നിർമ്മിച്ചിട്ടുള്ളത്. വൈഭവ് വിശാല്‍, ഹേമ ഗോപിനാഥൻ, സെഹാജ് മെയ്നി, കരണ്‍ വ്യാസ്, ഫെലിക്സ് വോണ്‍ സ്റ്റം, യശ്ന മല്‍ഹോത്ര എന്നിവരാണ് ഇതിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഥം മേത്തയാണ് ഛായാഗ്രാഹകൻ. എ.ആർ.റഹ്മാൻ സംഗീതം നല്‍കിയിരിക്കുന്നു.
‘ഗാന്ധി’ പരമ്ബരയുടെ ആദ്യഭാഗത്തില്‍ ഒരു മണിക്കൂർ വീതമുള്ള എട്ട് എപ്പിസോഡുകളാണുള്ളത്. ഗാന്ധിജിയുടെ ജീവിതത്തിലെ ആദ്യത്തെ 45 വർഷമാണ് ഈ ഭാഗത്ത് ചേർത്തിരിക്കുന്നത്. ഒരു നിയമവിദ്യാർത്ഥിയായി ഇംഗ്ലണ്ടിലും, പിന്നീട് അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായി ദക്ഷിണാഫ്രിക്കയിലും ചിലവഴിച്ച കാലങ്ങളാണ് അത് പറഞ്ഞുവയ്ക്കുന്നത്. അധികമാരും പറഞ്ഞുകേള്‍ക്കാത്ത ‘മോഹൻ’ എന്നു വിളിക്കപ്പെട്ട ആദ്യകാലഗാന്ധിയാണ് പരമ്ബരയുടെ തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇംഗ്ലണ്ടിലും, ആഫ്രിക്കയിലും, ഇന്ത്യയിലുമായി ചിത്രീകരീച്ച ഈ പരമ്ബര ലോകശ്രദ്ധയാകർഷിക്കപ്പെടുന്ന ഒന്നാകുമെന്നതില്‍ സംശയമില്ല.
സെപ്റ്റംബർ 4 മുതല്‍ 14 നടക്കുന്ന ചലച്ചിത്രമേള ഇക്കുറി അമ്ബതാം വാർഷികമാഘോഷിക്കുമ്ബോള്‍ ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഈ പരമ്ബരയുള്‍പ്പടെ അഞ്ചു ചിത്രങ്ങളാണ്. നീരജ് ഗയ്വാൻറെ ‘ഹോംബൗണ്ട്’, അനുരാഗ് കാശ്യപിൻറെ ‘ബന്ദർ’, ബികാസ് മിശ്രയുടെ ‘ബയാൻ’, അമ്ബതാം വർഷമാഘോഷിക്കുന്ന രമേഷ് സിപ്പിയുടെ ‘ഷോലെ’ എന്നിവയാണ് മറ്റുള്ളവ. ഇനിയും നൂറ്റമ്ബതിലധികം ചിത്രങ്ങളുടെ പേരുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു.




