
”അന്വേഷണോദ്യോഗസ്ഥനായി മമ്മൂട്ടി വീണ്ടും. കഥാപാത്രം സ്വീകരിക്കപ്പെട്ടാല്‍ തുടർച്ചയ്ക്ക് സാധ്യതയുണ്ട്.” -ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ സിനിമയുടെ വിശേഷങ്ങള്‍ വിവരിച്ച് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. വാരണം ആയിരം, വിണ്ണൈ താണ്ടി വരുവായാ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള ചിത്രമാണിത് മമ്മൂട്ടി-ഗൗതം മേനോൻ ചിത്രം. എങ്ങനെയാണ് ഇത്തരമൊരു ഒത്തുചേരലിലേക്കെത്തുന്നത് = മഞ്ജു വാരിയരാണ് ഈ സിനിമയുടെ രചയിതാക്കളായ ഡോ. നീരജ് രാജനെയും ഡോ. സൂരജ് രാജനെയും എനിക്ക് പരിചയപ്പെടുത്തുന്നത്. എന്റെ സംവിധാനത്തില്‍ മഞ്ജു വാരിയർ അഭിനയിക്കുന്ന ഒരു സിനിമയുടെ ചർച്ചയുമായി ഞങ്ങള്‍ മുന്നോട്ടുപോയി. പക്ഷേ, ആ പ്രോജക്‌ട് നടന്നില്ല. എങ്കിലും നീരജും സൂരജുമായുള്ള എന്റെ ചർച്ചകള്‍ മറ്റു പലരീതിയിലും തുടർന്നു. അങ്ങനെയൊരിക്കല്‍ ഡൊമിനിക്കിന്റെ ത്രെഡ് അവർ പറഞ്ഞു. കഥ ഇഷ്ടമായതോടെ അതിൻമേല്‍ ഞങ്ങള്‍ ചർച്ചയാരംഭിച്ചു. കഥ മുൻനിർത്തിയുള്ള സംസാരം മുന്നോട്ടുപോകവേ, ഒരുഘട്ടത്തില്‍, ഡൊമിനിക്കായി മമ്മൂക്ക എത്തിയാല്‍ നന്നാകുമെന്ന് തോന്നി. ബസൂക്ക സിനിമയില്‍ ഞാൻ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്ന സമയമായിരുന്നു അത്. പക്ഷേ, ഒന്നിച്ചഭിനയിക്കുന്ന സമയത്ത് മറ്റൊരു സിനിമാക്കഥ പറയുന്നത് ശരിയല്ലെന്നു തോന്നി. ബസൂക്ക പൂർത്തിയായശേഷം ജോർജേട്ടനെ വിളിച്ച് കാര്യമറിയിച്ചു. കഥപറയാനായി മമ്മൂക്കയുടെ സമയം ചോദിച്ചു. മമ്മൂക്കയുടെ കൊച്ചിയിലെ വീട്ടില്‍ച്ചെന്ന് ഞാനും രചയിതാക്കളും ചേർന്ന് കഥ വിവരിച്ചു. വിഷയം ഇഷ്ടമായെന്നും വഴിയേ അറിയിക്കാമെന്നുമായിരുന്നു ആദ്യമറുപടി. എന്നാല്‍, അടുത്തദിവസംതന്നെ വിളിച്ച് സിനിമയ്ക്കുവേണ്ട കാര്യങ്ങള്‍ ചെയ്തുതുടങ്ങാൻ ആവശ്യപ്പെട്ടു. അത്തരമൊരു മറുപടി ഞങ്ങളാരും മമ്മൂക്കയില്‍നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. മമ്മൂക്കയുടെ കമ്ബനിതന്നെ സിനിമ നിർമിക്കാൻ മുന്നോട്ടുവന്നു. മുപ്പതുദിവസംകൊണ്ട് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കണ്ടെത്തി ചിത്രീകരണം തുടങ്ങി. ജൂലായില്‍ ചിത്രീകരണം തുടങ്ങി സെപ്റ്റംബറില്‍ അവസാനിപ്പിച്ചു. എന്റെ സിനിമാജീവിതത്തില്‍ ഏറ്റവും വേഗത്തില്‍ പൂർത്തിയാക്കിയ സിനിമയാണ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്.





