
ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് മോഹൻലാല്‍. ഈ നിമിഷം തന്റേതുമാത്രമല്ല. മറിച്ച്, മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ്.

മലയാള സിനിമയുടെ പാരമ്ബര്യത്തിനും സർഗാത്മകതയ്ക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്കാരത്തെക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അതിയായ അഭിമാനത്തോടെയും നന്ദിയോടെയുമാണ് ഈ വിശിഷ്ട പുരസ്കാരം ഏറ്റുവാങ്ങി നിങ്ങളുടെ മുമ്ബില്‍ നില്‍ക്കുന്നത്. മലയാള സിനിമയുടെ ഒരു പ്രതിനിധി എന്ന നിലയില്‍ അംഗീകാരം നേടുന്ന നമ്മുടെ സംസ്ഥാനത്തുനിന്നുള്ള രണ്ടാമത്തെ വ്യക്തിയാകുന്നതില്‍ അങ്ങേയറ്റം വിനയാന്വിതനാണ്.
ഈ നിമിഷം എന്റേത് മാത്രമല്ല. ഇത് മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ്. നമ്മുടെ സിനിമയുടെ പാരമ്ബര്യത്തിനും സർഗാത്മകതയ്ക്കുമുള്ള ഒരു കൂട്ടായ ആദരവായിട്ടാണ് ഈ പുരസ്കാരത്തെ ഞാൻ കാണുന്നത്.
ഈ വാർത്ത അറിഞ്ഞപ്പോള്‍, എന്നെ വികാരാധീനനാക്കിയത് ഈ ബഹുമതി മാത്രമല്ലായിരുന്നു. മറിച്ച് നമ്മുടെ സിനിമാ പാരമ്ബര്യത്തിന്റെ ശബ്ദം മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരം ലഭിച്ചതിലാണ്.
മലയാള സിനിമയെ രൂപപ്പെടുത്തിയ എല്ലാവർക്കും വേണ്ടി ഈ പുരസ്കാരം ഏറ്റുവാങ്ങാനുള്ള നിയോഗമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. സത്യം പറഞ്ഞാല്‍, ഈ ഒരു നിമിഷം എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും പ്രത്യക്ഷപ്പെട്ടിരുന്നില്ല.
മലയാള സിനിമയിലെ ഇതിഹാസതുല്യരുടെ അനുഗ്രഹമെന്ന് കരുതി ഈ പുരസ്കാരം സ്വീകരിക്കുന്നു. പുരസ്കാരം മലയാള സിനിമയ്ക്കും കലയെ സ്നേഹത്തോടെ സ്വീകരിച്ച കേരളത്തിലെ പ്രബുദ്ധരായ പ്രേക്ഷകർക്കും സമർപ്പിക്കുന്നു. ബഹുമതി സിനിമയോടുള്ള എൻ്റെ പ്രതിബദ്ധത വർധിപ്പിക്കുന്നു. ആത്മാർഥതയോടും ലക്ഷ്യബോധത്തോടും കൂടി എൻ്റെ യാത്ര തുടരുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. കേന്ദ്രസർക്കാരിന് ഹൃദയം നിറഞ്ഞ നന്ദി. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’, മോഹൻലാല്‍ പറഞ്ഞു.
വൈകീട്ട് വിജ്ഞാൻഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് മോഹൻലാലിന് പുരസ്കാരം സമ്മാനിച്ചത്. സദസ്സ് എഴുന്നേറ്റുനിന്ന്, നിറഞ്ഞ കയ്യടികളോടെയാണ് ഈ മുഹൂർത്തത്തിന് സാക്ഷികളായത്. മോഹൻലാലിനെ ഇതിഹാസമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വിശേഷിപ്പിച്ചു. താങ്കളൊരു ഉഗ്രൻ നടനാണെന്ന് മലയാളത്തില്‍ത്തന്നെ അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനുമേകിയ അതുല്യസംഭാവനകള്‍ പരിഗണിച്ചാണ് 2023-ലെ പുരസ്കാരം. 2004-ല്‍ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുലഭിച്ച് രണ്ടുപതിറ്റാണ്ടിനുശേഷമാണ് ഈ ദേശീയ ബഹുമതി മലയാളസിനിമയിലേക്കെത്തുന്നത്.
പത്തുലക്ഷം രൂപയും സ്വർണകമല്‍ മുദ്രയും ഫലകവുമാണ് ബഹുമതി. കേന്ദ്ര വാർത്താവിതരണമന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരനിർണയസമിതിയാണ് മോഹൻലാലിനെ ബഹുമതിക്ക് തിരഞ്ഞെടുത്തത്.




