
മമ്മൂട്ടി ചിത്രം ബസൂക്ക ഒടിടിയിലേക്ക്.നവാഗതനായ ഡീനോ ഡെന്നിസ് ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത്. ചിത്രം റിലീസിന് ശേഷവും ഏറെ ശ്രദ്ധനേടിയെങ്കിലും ബോക്സ് ഓഫീസില്‍ വേണ്ടത്ര പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചില്ലെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

ഏപ്രില്‍ 10ന് വിഷു റിലീസായിട്ടായിരുന്നു ബസൂക്ക എത്തിയത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിടാൻ ഒരുങ്ങുന്നതിനിടെ പടത്തിന്റെ ഒടിടി വിവരങ്ങളും പുറത്തുവരികയാണ്. ഇതുപ്രകാരം ഈ മാസം 26 അല്ലെങ്കില്‍ ജൂണ്‍ 5ന് ബസൂക്കയുടെ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. ഒടിടി റിലീസുകള്‍ പങ്കുവെയ്ക്കുന്ന പേജുകളിലാണ് ഇക്കാര്യം വന്നിരിക്കുന്നത്.
സീ 5ന് ആണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയതെന്നും പറയപ്പെടുന്നുണ്ട്. ഇതില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല. ആദ്യ ദിനം 3.2 കോടിയാണ് ചിത്രം നേടിയത്. 2.1 കോടി, മൂന്നാം ദിനം 2 കോടി, 1.7 കോടി, 1.43 കോടി എന്നിങ്ങനെ ആയിരുന്നു അഞ്ച് ദിനം വരെയുള്ള കളക്ഷൻ. എന്നാല്‍ ആറാം ദിനം മുതല്‍ കളക്ഷനില്‍ നേരിയ ഇടിവ് കാണപ്പെട്ട് തുടങ്ങി. ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്റെ റിപ്പോർട്ട് പ്രകാരം 26.3 കോടിയാണ് ബസൂക്കയുടെ ആഗോള കളക്ഷൻ. ബസൂക്കയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.




