
തമിഴ് സൂപ്പർതാരം ധനുഷിനെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘കുബേര’ കേരളത്തില്‍ പ്രദർശനത്തിന് എത്തിക്കുന്നത് ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസ്.

ചിത്രം ആഗോള റിലീസായി ജൂണ്‍ 20-ന് പ്രദർശനത്തിനെത്തും. കേരളത്തില്‍ വമ്ബൻ റിലീസായാണ് ചിത്രം വേഫെറർ ഫിലിംസ് എത്തിക്കുക. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാനവേഷം ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്. സുനില്‍ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിർമിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗാണ്.
ചിത്രത്തിന്റെ ഒരു ടീസറും ഗാനങ്ങളും ഇതിനോടകം പുറത്ത് വരികയും ശ്രദ്ധനേടുകയും ചെയ്തിരുന്നു. ട്രാൻസ് ഓഫ് കുബേര എന്ന പേരില്‍ റിലീസ് ചെയ്ത ടീസർ മികച്ച പ്രേക്ഷക പ്രശംസയാണ് സാമൂഹികമാധ്യമങ്ങളില്‍നിന്ന് നേടിയത്. വമ്ബൻ ബജറ്റില്‍ ഒരുക്കിയ ചിത്രം ആക്ഷനും പ്രാധാന്യമുള്ള കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണെന്ന സൂചനയാണ് ടീസർ നല്‍കിയത്. പ്രശസ്ത നടന്മാരായ ജിം സർഭും, ദലീപ് താഹിലും നിർണായക വേഷങ്ങള്‍ ചെയ്യുന്ന ‘കുബേര’ ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ ഈ ചിത്രം പ്രദർശനത്തിനെത്തും.
ഛായാഗ്രഹണം: നികേത് ബൊമ്മി, എഡിറ്റർ: കാർത്തിക ശ്രീനിവാസ് ആർ, സംഗീതം: ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ: തൊട്ട ധരണി, പിആർഒ: ശബരി.




