
നടൻ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകളുമായി ‘ഒറ്റക്കൊമ്ബൻ’ ടീം. ചിത്രത്തില്‍ നിന്നുള്ള സ്പെഷല്‍ ഗ്ലിംപ്സ് കോർത്തിണക്കിയാണ് ടീം പിറന്നാള്‍ ആശംസകള്‍ നേർന്നത്.

സുരേഷ് ഗോപിയുടെ 250 മത് ചിത്രമായാണ് ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഒറ്റക്കൊമ്ബൻ’ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്.
രചന നിർവഹിച്ചത് ഷിബിൻ ഫ്രാൻസിസ്. മീനച്ചില്‍ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന യഥാർഥ കഥാപാത്രത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ഒറ്റക്കൊമ്ബൻ’ ഒരുക്കുന്നത്. ഫാമിലി ആക്ഷൻ ഡ്രാമ ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
ഇന്ദ്രജിത്ത്, വിജയരാഘവൻ, ലാലു അലക്സ്, ചെമ്ബൻ വിനോദ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുക. അതേസമയം ജെഎസ്കെ ആണ് സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.




