
അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്.സൂര്യയേയും കാര്‍ത്തിയേയും പ്രധാന കഥാപാത്രങ്ങളാക്കി ചിത്രമെടുക്കാനാണ് ആലോചിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യപ്പനും കോശിയും തമിഴില്‍ റീമേക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതില്‍ അയ്യപ്പനും കോശിയുമായി സൂര്യയെയും, കാര്‍ത്തിയെയുമാണ് വിചാരിച്ചത്. എന്നാല്‍ തിരക്കുകള്‍ കാരണവും മറ്റ് ചിത്രങ്ങളുടെ ഉത്തരവാദിത്വം ഉള്ളതിനാലും അത് നടന്നില്ല. എന്നാല്‍ ഇനിയും സാധ്യതയുള്ള ഒരു കഥയാണ് അത്.- ലോകേഷ് പറഞ്ഞു. നേരത്തെയും അയ്യപ്പനും കോശിയും സിനിമയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു.

അടുത്തകാലത്ത് തന്നെ ഏറ്റവും ആകര്‍ഷിച്ച തിരക്കഥയാണ് ഇത് എന്നായിരുന്നു വിക്രം പ്രമോഷനിടെ ലോകേഷ് പറഞ്ഞത്. പൃഥ്വിരാജിനേയും ബിജു മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. പവൻ കല്യാണും റാണ ദഗ്ഗുബാട്ടിയും പ്രധാന വേഷത്തിലെത്തിയ ചിത്രം യഥാര്‍ത്ഥ തിരക്കഥയില്‍ നിന്ന് കാര്യമായ മാറ്റം വരുത്തിയാണ് എത്തിയത്.




