തിയേറ്ററുകളിൽ ശ്രദ്ധനേടിയ ഭാവനയുടെ ചിത്രം ‘അനോമി’ ഒടിടിയിലെത്തി

alternatetext

ഭാവന കേന്ദ്രകഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം ‘അനോമി’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററുകളിൽ മികച്ച പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഫെബ്രുവരി ആറിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നിർമാതാവ് സി. ജെ. റോയ് നിർമിച്ച അവസാന ചിത്രം കൂടിയാണ് ഇത്. ‘മരണത്തിന്‍റെ സമവാക്യം’  എന്ന വിചിത്രവും കൗതുകകരവുമായ പ്രമേയവുമായി എത്തിയ ചിത്രം തിയേറ്ററുകളിൽനിന്ന് മികച്ച പ്രതികരണമാണ് നേടിയത്.

alternatetext

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ഒൻപത് ദിവസം കൊണ്ട് 1.7 കോടിയാണ് ചിത്രത്തിന്‍റെ ആഗോള കളക്ഷൻ. വൈകാരികമായി ഏറെ ആഴമുള്ള ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റിന്‍റെ കഥാപാത്രത്തെയാണ് ഭാവന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റഹ്മാൻ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ഇവരുടെ മികച്ച പ്രകടനവും സസ്പെൻസ് നിറച്ച മേക്കിംഗുമാണ് ചിത്രത്തിന്‍റെ പ്രധാന കരുത്ത്.

റിയാസ് മാരാത്ത് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം പനോരമ സ്റ്റുഡിയോസും ടി-സീരീസും സംയുക്തമായാണ് അവതരിപ്പിക്കുന്നത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർക്കൊപ്പം ഭാവിന ഫിലിം പ്രൊഡക്ഷൻസിന്‍റെ  ബാനറിൽ ഭാവനയും ചിത്രത്തിന്‍റെ നിർമാണ പങ്കാളിയാണ്. സുജിത് സാരംഗ് ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.