
യുവതാരം കവിൻ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ‘കിസ്സ്’ ഒടിടി റിലീസിനൊരുങ്ങുന്നു. സതീഷ് സംവിധാനം ചെയ്ത ഈ തമിഴ് ചിത്രത്തില്‍ പ്രീതി അസ്രാണി ആയിരുന്നു നായിക.

സെപ്റ്റംബർ 19-ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ‘കിസ്സ്’ ഇപ്പോള്‍ സീ ഫൈവിലൂടെ ഒടിടി പ്രേക്ഷകരിലേക്കെത്തുകയാണ്. സെപ്റ്റംബർ 7-നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. കവിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രം, ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കവിന്റെ മുൻ ചിത്രമായ ‘ബ്ലഡി ബെഗ്ഗർ’ ഒടിടിയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. ജയേഷ് സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രം നിലവില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദർശിപ്പിക്കുന്നുണ്ട്. തിയറ്ററുകളില്‍ കാര്യമായ അഭിപ്രായം നേടാൻ കഴിയാതിരുന്നിട്ടും, ഒടിടിയില്‍ കണ്ട പ്രേക്ഷകർക്കിടയില്‍ നിന്ന് നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ കവിന്റെ പ്രകടനം നിരൂപക പ്രശംസ നേടി. രജനികാന്തിന്റെ ‘ജയിലർ’ സിനിമയുടെ സംവിധായകൻ നെല്‍സണ്‍ ഫിലമെന്റ് പിക്ചേഴ്സിന്റെ ബാനറില്‍ ഈ ചിത്രം നിർമ്മിച്ചു എന്നതും ശ്രദ്ധേയമാണ്. രാധാ രവി, റെഡിൻ കിംഗ്‌സ്‌ലെ തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.




