
റീമാസ്റ്റർചെയ്ത് റീ റിലീസുചെയ്യുന്ന ചിത്രങ്ങളില്‍ ഇനി ആഘോഷ സിനിമകള്‍ പ്രതീക്ഷിച്ചാല്‍ മതി. രണ്ടുവർഷത്തിനിടെ മലയാളത്തില്‍ റീ റിലീസ് ചെയ്തവയില്‍ ‘ക്ലാസ്’ വിഭാഗങ്ങളെക്കാള്‍ ജനപ്രീതി നേടിയത് ‘അടിപൊളി’ സിനിമകള്‍.

അതിനാല്‍ സിനിമകള്‍ റീമാസ്റ്റർചെയ്ത് റീ റിലീസുചെയ്യുന്നവരും അത്തരം ആഘോഷസിനിമകള്‍മാത്രം തിരഞ്ഞെടുക്കാൻ തുടങ്ങിയെന്നാണ് വിവരം.
രണ്ട് വർഷത്തിനിടെ എട്ട് സിനിമകള്‍ റീ റിലീസ് ചെയ്തതില്‍ ദേവദൂതൻ, മണിച്ചിത്രത്താഴ്, സ്ഫടികം, ഛോട്ടാ മുംബൈ എന്നീ സിനിമകള്‍മാത്രമാണ് കാര്യമായ നേട്ടം ഉണ്ടാക്കിയത്. ഇവയ്ക്കെല്ലാം മൂന്ന് കോടിക്ക് മുകളില്‍ കളക്ഷൻ ലഭിച്ചു.
റീ റിലീസ് ചെയ്തവയില്‍ അഞ്ച് സിനിമകള്‍ വലിയ ചെലവില്‍ പഴയ ഫിലിമില്‍ നിന്നു റീമാസ്റ്റർ ചെയ്തെടുത്തതാണ്. തിയേറ്റർ റിലീസിന് ഒരു സിനിമ മികച്ച നിലവാരത്തില്‍ റീമാസ്റ്റർചെയ്ത് ഫോർ കെ പതിപ്പാക്കാൻ ഒരു കോടിയിലധികം രൂപ വേണം. അതിനാല്‍, ചെലവാകുന്ന തുക തിരികെ ലഭിക്കാൻ സാധ്യതയുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കാനാണ് ഇപ്പോള്‍ ഈ മേഖലയിലുള്ളവർ ശ്രമിക്കുന്നത്.
തേന്മാവിൻ കൊമ്ബത്ത്, രാവണപ്രഭു, ട്വന്റി 20 തുടങ്ങിയ ചിത്രങ്ങളുടെ ഫോർ കെ റീമാസ്റ്ററിങ് ജോലികള്‍ നടക്കുന്നു. ഇവയുടെ റീ റിലീസ് ഈ വർഷം തന്നെ പ്രതീക്ഷിക്കാം. ‘അടിപൊളി’ വിഭാഗത്തില്‍ വരാത്ത പല ചിത്രങ്ങളും റീമാസ്റ്റർചെയ്ത് റിലീസ് ചെയ്യാൻ ചർച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അത്തരം സിനിമകള്‍ക്ക് സാമ്ബത്തികമായി ലാഭമുണ്ടാക്കാൻ സാധിക്കില്ലെന്ന ചിന്ത ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കുകയാണ്.
ആഘോഷിക്കാനാണ് റീ റിലീസ് സിനിമകള്‍ കാണാൻ കൂടുതല്‍ പ്രേക്ഷകരും തിയേറ്ററില്‍ എത്തുന്നതെന്ന് സിനിമകള്‍ റീമാസ്റ്റർ ചെയ്ത കമ്ബനിയായ മാറ്റിനി നൗവിന്റെ ഉടമ സോമദത്തൻപിള്ള പറഞ്ഞു. പഴയ ചിത്രങ്ങള്‍ മികച്ച നിലവാരത്തിലേക്ക് മാറ്റിയതിന്റെ ഭംഗി ആസ്വദിക്കുന്നതിനേക്കാള്‍, അടിപൊളി പാട്ടുകളും സീനുകളും കാണാനാണ് കൂടുതല്‍ പേരും എത്തുന്നതെന്ന് അദ്ദേഹം പറയുന്നു.
അതേസമയം, തിയേറ്റർ റിലീസിനുള്ള റീ മാസ്റ്ററിങ്ങിനെക്കാള്‍ ചെലവ് കുറവാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്കുള്ള റീ മാസ്റ്ററിങ്ങിന്. അതിനാല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഇനിയും സിനിമകള്‍ പ്രതീക്ഷിക്കാം.




