
കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച് ജോജു ജോർജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പരിപാടി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, നൂറോളം പുതുമുഖങ്ങൾ ക്യാരക്ടർ റോളുകളിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വമ്പൻ കാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബറിൽ ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തും. ജോജു ജോർജിൻ്റെ സംവിധാന അരങ്ങേറ്റമായ ‘പണി’യുടെ അതേ ഴോണറിലുള്ള സിനിമയായാണ് “പരിപാടി” ഒരുക്കുന്നത്. എന്നാൽ കൂടുതൽ വിപുലമായ കാൻവാസും വലിയ താരനിരയും സാങ്കേതിക മികവും ചിത്രത്തിന്റെ പ്രത്യേകതകളാണ്.

തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘പരിപാടി’യുടെ പ്രധാന ലൊക്കേഷൻ ചാലക്കുടിയാണ്. ചിത്രത്തിലെ നൂറോളം പുതുമുഖങ്ങളും നാല് മാസത്തോളം നീണ്ട പ്രത്യേക പരിശീലന പരിപാടിക്ക് ശേഷമാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. എല്ലാവർക്കും സംഭാഷണങ്ങളുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഇത്രയും വലിയൊരു സിനിമ ഒരുക്കുന്നതിലൂടെ വ്യത്യസ്തമായൊരു സിനിമാനുഭവമാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.



