
മലയാള ചിത്രം ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ തമിഴകത്തിലേക്ക്. ചിത്രത്തിന്റെ തമിഴ് പതിപ്പ് ഒക്ടോബർ 23ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ചുള്ള അനൗൺസ്മെന്റ് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. കേരളത്തിൽ മികച്ച പ്രതികരണം നേടിയ ചിത്രം നിലവിൽ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ സംവിധാനം ചെയ്ത് ഷഹദ് ആണ്. പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തിയ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമ്മിച്ചത്.

സംവിധാനവും തിരക്കഥയും സംഗീതവും എഡിറ്റിംഗും അഭിനേതാക്കളുടെ പ്രകടനവും എല്ലാം ഒത്തുചേർന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം അതായിരുന്നു പ്രഥമദൃഷ്ട്യാ കുറ്റക്കാർ. ചിത്രത്തിനു വേണ്ടി വേടൻ പാടിയ തീം സോങ് പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു. മ്യൂസിക് റൈറ്റ്സ് ഭാവന സ്റ്റുഡിയോസ്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തിൽ എത്തുന്നു.
പ്രശസ്ത താരങ്ങളായ പാർത്ഥിപന്, മാത്യു തോമസ് ,വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ആർ ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിരയാണ് ചിത്രത്തിലേത്. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലുള്ള ഈ ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിച്ചത് പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്.



