
തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന നിവിൻ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ ജൂക് ബോക്സ് പുറത്ത്. നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് ആണ് ഗാനങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 10 പാട്ടുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വിഷ്ണു വിജയ് ആണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. സുഹൈൽ കോയ, വിനായക് ശശി കുമാർ എന്നിവരാണ് ഓരോ ഗാനങ്ങൾക്കും വരികൾ എഴുതിയിരിക്കുന്നത്. അതേസമയം, 100 കോടി ക്ലബ്ബിൽ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇടംപിടിച്ചിട്ടുണ്ട്.

ബെത്‌ലഹേം കുടുംബ യൂണിറ്റ് കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിന്റെ തമിഴ് വെൽഷന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സെപ്റ്റംബർ 4ന് ചിത്രം തമിഴ്നാട്ടിലെ തിയറ്ററുകളിൽ എത്തും. നിവിൻ പോളിയുടെ പ്രേമവും, മമിതയുടെ പ്രേമലുവും ഏറ്റെടുത്ത തമിഴ്നാട്ടുകാർ ഈ സിനിമയും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.
ചിത്രത്തിന്റെ തെലുങ്ക് വേർഷനും സെപ്റ്റംബർ 4ന് തന്നെ തിയറ്ററുകളിൽ എത്തും. പ്രേമലുവിന് ശേഷം തെലുങ്കിൽ ഹിറ്റടിക്കുമോ ഗിരീഷ് എഡി- ഭാവന സ്റ്റുഡിയോസ് കോംബോ എന്നാണ് പ്രേക്ഷകർ ഏവരും ഉറ്റുനോക്കുന്നത്. അതേസമയം ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച പോലെ മികച്ച സിനിമയാണ് ലഭിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്.
സൂപ്പർ ഹിറ്റായ ‘പ്രേമലു’വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബത്‍ലഹേം കുടുംബ യൂണിറ്റി’ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.



