
കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത ‘ഉന്മാദം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു. ലിജോ മോൾ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ഷാഹി കബീർ തിരക്കഥയൊരുക്കിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രേക്ഷക- പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ബുക്ക് മൈ ഷോയിലും മികച്ച ബുക്കിങ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള ആദ്യ പ്രതികരണങ്ങൾ. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം



