ജനനായകൻ സംവിധായകൻ എച്ച്‌. വിനോദ് നിര്‍മാതാവ്; ആള്‍മോസ്റ്റ് നല്ലവൻ തുടങ്ങി

alternatetext

ധീരൻ അധികാരം ഒൻട്ര്, തുനിവ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എച്ച്‌. വിനോദ് പുതിയ റോളിലേക്ക്. ദളപതി വിജയ് നായകനായ ജനനായകൻ റിലീസിന് ഒരുങ്ങുന്ന വേളയില്‍ കോളിവുഡില്‍നിന്ന് മറ്റൊരു പ്രഖ്യാപനമാണ് പുറത്തുവന്നത്.

alternatetext

ഇത്തവണ സംവിധായകനായല്ല, നിർമാതാവായാണ് വിനോദിന്റെ വരവ്. വിനോദ് പുതുതായി ആരംഭിച്ച ആസ്പയർ ഉബുണ്ടു ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊഡക്ഷൻ ബാനറിന്റെ ആദ്യ ചിത്രമായ ആള്‍മോസ്റ്റ് നല്ലവൻ – പൂജ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. പാഷൻ സ്റ്റുഡിയോസിന്റെ സുധൻ സുന്ദരവും സഹനിർമാതാവാണ്.

ബിഗ് ബോസ് തമിഴ് സീസണ്‍ 5 ജേതാവും നടനുമായ രാജു ജയമോഹൻ ആദ്യമായി കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ നായകനാകുന്നതും രാജു തന്നെയാണ്. ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യന്റെ നന്മയും തിന്മയും കലർന്ന സ്വഭാവങ്ങളെ ഡാർക്ക് കോമഡിയിലൂടെ അവതരിപ്പിക്കുന്ന ഫാമിലി എന്റർടെയ്നർ ആയിരിക്കും ചിത്രം.

സാർപട്ട പരമ്പര, രായൻ, അടുത്തിടെ പുറത്തിറങ്ങിയ മലയാളചിത്രം കാട്ടാളൻ എന്നിവയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ തെന്നിന്ത്യൻ താരം ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. ഇന്ത്യൻ സിനിമയിലെ മുതിർന്ന താരം സത്യരാജ് ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇമ്മൻ അണ്ണാച്ചി, താമരൈ സെല്‍വി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍.