
തൃശൂര്‍: കഴിഞ്ഞവര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന് പ്രഖ്യാപിച്ചു.

‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തു. മികച്ച നടി ഷംല ഹംസ (ചിത്രം- ‘ഫെമിനിച്ചി ഫാത്തിമ’). ഇരുവര്‍ക്കും ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കും. മികച്ച ചിത്രം, സംവിധായകന് എന്നിവ ഉള്‍പ്പെടെ ‘മഞ്ഞുമ്മല്‍ ബോയ്സ്’ 10 പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ചിദംബരമാണ് മികച്ച സംവിധായകന്.
സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണു മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍. രണ്ടാമത്തെ മികച്ച ഫീച്ചര്‍ ഫിലിം: ഫെമിനിച്ചി ഫാത്തിമ. സംവിധായകന്: ഫാസില്‍ മുഹമ്മദ്. നിര്‍മാതാക്കള്‍: കെ.വി. താമര്‍, സുധീഷ് സ്കറിയ. മികച്ച നവാഗത സംവിധായകനുള്ള പ്രത്യേക പുരസ്കാരം: ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ).
കലാമൂല്യവും ജനപ്രീതിയുമുള്ള മികച്ച മലയാള ചിത്രമായി ‘പ്രേമലു’ തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്: എ.ഡി. ഗിരീഷ്. നിര്‍മാതാവ്: ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്, ശ്യാം പുഷ്കരന്.
ടൊവിനോ തോമസ് (എ.ആര്.എം), ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം), ജ്യോതിര്‍മയി (ബോഗെയ്ന്‍ വില്ല), ദര്‍ശന രാജേന്ദ്രന് (പാരഡൈസ്) എന്നിവര്‍ അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടി.
പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത ‘പാരഡൈസി’ന് പ്രത്യേക ജൂറി അവാര്‍ഡ്. ആന്റോ ചിറ്റിലപ്പിള്ളി, സനിത ചിറ്റിലപ്പിള്ളി എന്നിവരാണു നിര്‍മാണം. പ്രകാശ് രാജ് അധ്യക്ഷനായ ഏഴംഗ ജൂറിയാണ് 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രകാശ് രാജ്, മധു
ഇറവങ്കര, ഭാഗ്യലക്ഷ്മി, സന്തോഷ് എച്ചിക്കാനം, ദിവ്യ എസ്.അയ്യര്‍, കുക്കു പരമേശ്വരന്, വിജയരാജ മല്ലിക എന്നിവരും പങ്കെടുത്തു.




