
ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്സുകളില്‍ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്.

ഈ യൂണിവേഴ്സിലെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് വാർ 2. തിയേറ്ററില്‍ തകർന്നടിഞ്ഞ സിനിമ ഇപ്പോള്‍ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.
നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. തിയേറ്ററില്‍ വിജയിക്കാതെ പോയ സിനിമയ്ക്ക് ഒടിടിയിലെങ്കിലും രക്ഷയുണ്ടാകുമോ എന്നാണ് ആരാധകർ ഉള്‍പ്പെടെ ചോദിക്കുന്നത്. 400 കോടി ബജറ്റില്‍ എത്തിയ ചിത്രം മുടക്കു മുതല്‍ പോലും നേടാനാകാതെ തിയേറ്ററില്‍ വീണു. സിനിമയുടെ വി എഫ് എക്സ് നിരാശയാണെന്നും എന്നാല്‍ സിനിമയുടെ ക്ലൈമാക്സ് മികച്ചു നില്‍ക്കുന്നുണ്ടെന്നും ആരാധകർ പറഞ്ഞിരുന്നു. സിനിമയിലെ ചില സീനുകള്‍ക്ക് ട്രോളും ലഭിച്ചിരുന്നു. സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് ആരാധകർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഹൃതിക് റോഷൻ എൻ ടി ആർ ഫൈറ്റ് സീനുകള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്.
ചിത്രത്തിലെ ജൂനിയർ എൻടിആറിന്റെ സിക്സ് പാക്ക് സീനിന് വലിയ തോതില്‍ ട്രോളുകള്‍ ലഭിച്ചിരുന്നു. സിനിമയിലെ ജൂനിയർ എൻടിആറിന്റെ ഇൻട്രോ സീനില്‍ നടൻ തന്റെ സിക്സ് പാക്കുമായിട്ടാണ് എത്തുന്നത്. എന്നാല്‍ ഈ സിക്സ് പാക്ക് വിഎഫ്എക്സ് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സിനിമാപ്രേമികള്‍. നായകന്മാരാകുമ്ബോള് സിക്സ് പാക്ക് വേണമെന്ന് എന്തിനാണ് നിർബന്ധം പിടിക്കുന്നതെന്നും ഇത്തരം സ്റ്റീരിയോടൈപ്പുകളെ എന്തിനാണ് പ്രൊമോട്ട് ചെയ്യുന്നതെന്നും വിമർശനങ്ങള്‍ ഉയർന്നിരുന്നു. സ്പൈ യൂണിവേഴ്സിലെ ഏറ്റവും മോശം സിനിമയാണ് ഇതെന്നും രണ്ട് സൂപ്പർതാരങ്ങള്‍ ഉണ്ടായിട്ടും ചിത്രത്തിന് അവരെ വേണ്ടവിധത്തില്‍ ഉപയോഗിക്കാനായില്ല എന്നും പലരും റിലീസ് സമയത്ത് കുറിച്ചിരുന്നു.




